തിരുവനന്തപുരം: സ്വയംഭരണ പദവി നഷ്ടപ്പെട്ട എറണാകുളം മഹാരാജാസ് കോളേജിലെ ഗവേണിംഗ് ബോഡി പുന:സംഘടന മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി. സ്വയംഭരണ പദവി തുടർന്നും ലഭിക്കാനാണ് യു.ജി.സി ചട്ടപ്രകാരം ഗവേണിംഗ് ബോഡി അംഗങ്ങളെ സർക്കാർ നാമനിർദ്ദേശം ചെയ്യേണ്ടത്. ഗവേണിംഗ് ബോഡിയിൽ വിദ്യാഭ്യാസ വിദഗ്ദ്ധൻ, വ്യവസായി, പ്രൊഫഷണൽ എന്നിവരുണ്ടാകണം. എന്നാൽ കോളേജിലെ അദ്ധ്യാപകരെ തന്നെ വ്യവസായി, പ്രൊഫഷണൽ മേഖലകളുടെ പ്രതിനിധികളായി സർക്കാർ നാമനിർദ്ദേശം ചെയ്തു. 2 സീനിയർ അദ്ധ്യാപകരെ നാമനിർദ്ദേശം ചെയ്യേണ്ടിടത്ത് പ്രൊഫസർമാരെ ഒഴിവാക്കി ജൂനിയർ അദ്ധ്യാപകരെ നിർദ്ദേശിച്ചു. ഇത് ചട്ടവിരുദ്ധമാണെന്നും പുന:സംഘടന റദ്ദാക്കണമെന്നും മന്ത്രി ആർ.ബിന്ദുവിനും യു.ജി.സിക്കും പരാതി നൽകി.