
വിഴിഞ്ഞം: മത്സ്യലഭ്യത ലക്ഷ്യമിട്ട് രണ്ടാംഘട്ട കൃത്രിമ പാര് നിർമ്മാണം ആരംഭിച്ചു. മീനുകളുടെ ആവാസ വ്യവസ്ഥയ്ക്കായി കൃത്രിമ പാരുകൾ നിക്ഷേപിക്കുന്നതിന്റെ ആദ്യഘട്ടം കഴിഞ്ഞ ജനുവരിയിൽ വിഴിഞ്ഞം പുറംകടലിൽ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. പൂവാർ മുതൽ വർക്കല വരെയുള്ള 42 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ തീരക്കടലിലാണ് കൃത്രിമ പാരുകൾ നിക്ഷേപിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യതയും വരുമാനവർദ്ധനയും ലക്ഷ്യമിട്ട് തീരദേശ വികസന കോർപറേഷൻ നടപ്പാക്കുന്ന കൃത്രിമപ്പാര് (റീഫ്) പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്കുവേണ്ട പാരുകളാണ് നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൊല്ലം, ആലപ്പുഴ,എറണാകുളം തൃശൂർ ജില്ലകളിലെ മത്സ്യ ഗ്രാമങ്ങളോടനുബന്ധിച്ച കടലുകളിലാണ് കൃത്രിമപ്പാരുകളുടെ നിക്ഷേപം. വിഴിഞ്ഞം ഹാർബർ റോഡിനു സമീപത്തെ വിശാലസ്ഥലത്താണ് ഇവയുടെ വാർക്കൽ നടക്കുന്നത്.
രണ്ടാം ഘട്ടത്തിൽ 14,400 റീഫുകൾ നിക്ഷേപിക്കും
കടൽമാർഗം റീഫുകളെ നിശ്ചിത സ്ഥലങ്ങളിലെത്തിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തിൽ നടപ്പാക്കുക. ഇവിടങ്ങളിൽ ആകെ 12000 റീഫുകളും സ്ഥാപിക്കും.
കൃത്രിമ ആവാസ വ്യവസ്ഥ
ത്രിമാന പൈപ്പ്, പൂവ് ആകൃതിയിലുള്ള കോൺക്രീറ്റ് നിർമ്മിതികളാണ് കൃത്രിമപാരുകൾ. മുൻകാലങ്ങളിൽ നിക്ഷേപിച്ച ഇത്തരം റീഫുകളിൽ വൻ മത്സ്യലഭ്യതയും വർദ്ധനവും ഉണ്ടായി എന്ന് അധികൃതർ പറഞ്ഞു. ഈ പദ്ധതി വിജയകരമായതിനെ തുടർന്നാണ് രണ്ടും മൂന്നും ഘട്ടങ്ങൾക്കായി പദ്ധതി തയ്യാറാക്കുന്നത്. കടലിൽ നിക്ഷേപിക്കുന്ന കൃത്രിമ റീഫുകളോടനുബന്ധിച്ച് മത്സ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നു എന്ന നിലയ്ക്കാണ് പദ്ധതി. തമിഴ്‌നാട്ടിൽ പരീക്ഷിച്ചു വിജയിച്ച രൂപഘടനകളനുസരിച്ചാണ് നൂതന റീഫ് മാതൃകകൾ ഇപ്പോൾ നിർമ്മിക്കുന്നത്.
അടുത്ത മാസം15ന് ശേഷം രണ്ടാം ഘട്ട പാര് നിക്ഷേപം നടത്തും.
വിഴിഞ്ഞത്തു നിന്നും ഉരുവിൽ കയറ്റി കടൽമാർഗ്ഗം മറ്റ് ജില്ലകളിലെത്തിക്കും.