
വർക്കല: നഗരസഭ പരിധിയിൽ തുടരെയുണ്ടാകുന്ന ഭക്ഷ്യവിഷബാധയിൽ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കവാടത്തിൽ പ്രതിഷേധിച്ചു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നഗരസഭ ചെയർമാന് കത്ത് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയിൽ ഉൾപെടുത്തിയിരുന്നില്ല. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ആർ.അനിൽകുമാർ ഈ വിഷയം വീണ്ടും ഉന്നയിച്ചതോടെ ചെയർമാൻ അനിൽകുമാറിനെ കൗൺസിൽ യോഗത്തിൽ നിന്നും സസ്പെന്റ് ചെയ്തു. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ ഒന്നടങ്കം കൗൺസിൽ ബഹിഷ്കരിച്ചാണ് പ്രതിഷേധിച്ചത്. എന്നാൽ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുളലതിനാലാണ് വിഷയം ചർച്ചക്കെടുക്കാത്തതെന്ന് ചെയർമാൻ കെ.എം.ലാജി പറഞ്ഞു.