
തിരുവനന്തപുരം: മലിനമായ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും അധികം വരുന്ന മലിനവസ്തുക്കൾ മഷിയാക്കുകയും ചെയ്യുന്ന വിദ്യ,വെള്ളത്തിലിറങ്ങാതെ ജലാശയങ്ങൾ ശുചിയാക്കുന്ന റോബോട്ട്, മണ്ണിനടിയിൽപ്പെട്ടാലും അപായസന്ദേശം നൽകുന്ന കാർ,മണ്ണിടിച്ചിൽ സാദ്ധ്യത മുൻകൂട്ടിയറിയാൻ സംവിധാനം,സോളർ അനിമൽ പ്രൊട്ടക്ഷൻ, ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്‌പെൻസർ ഭാവിയിലെ ശാസ്ത്രപ്രതിഭകളുടെ മിന്നലാട്ടവുമായി റവന്യൂജില്ലാ ശാസ്ത്രമേളയിലെത്തിയത് മിടുമിടുക്കർ!.
ഇന്നലെ നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂജില്ലാ ശാസ്‌ത്രോത്സവത്തിൽ ആദ്യദിനം ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളാണ് നടന്നത്.ശാസ്ത്ര,ഗണിതശാസ്ത്ര മത്സരങ്ങൾ പൂർത്തിയായി. ശാസ്ത്രമേളയിൽ 112 പോയിന്റുമായി ആറ്റിങ്ങൽ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി.110 പോയിന്റുമായി കിളിമാനൂർ ഉപജില്ലയാണ് രണ്ടാമത്.ഗണിതശാസ്‌ത്രമേളയിൽ കിളിമാനൂർ ഉപജില്ലയ്ക്കാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്.കാട്ടാക്കട ഉപജില്ലയാണ് രണ്ടാമത്.
ശാസ്‌ത്രോത്സവം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായി. ബി.ബി സുനിതാ റാണി, കൊടങ്ങാവിള വിജയകുമാർ, ഡി.ഇ.ഒ ഇബ്രാഹിം,എസ് .കെ അനിൽകുമാർ, എൻ.എസ് ശ്രീകല, എസ്.എസ് ഷാജി, എസ്.ആർ സുജ കുമാർ, ഡി.വിജയകുമാർ എന്നിവർ സംസാരിച്ചു.
12 ഉപജില്ലകളിൽ നിന്നായി 3285 കുട്ടികളാണ് മത്സരിക്കുന്നത്. ഇന്ന് പ്രവൃത്തി പരിചയമേള തത്സമയം, സാമൂഹ്യശാസ്ത്രമേള, ഐടി മേളകൾ എന്നിവയാണ് നടക്കുന്നത്.
വയനാടിനായി
കുട്ടികളുടെ
വലിയ കരുതൽ
ദുരന്തഭൂമിയായ വയനാട് ജില്ലയ്ക്കായി ന്യൂ എച്ച്.എസ്.എസ് നെല്ലിമൂടിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളായ കുട്ടികളുടെ കരുതൽ. 25 വീടുകളാണ് ഇവർ നിർമ്മിച്ചു നൽകുന്നത്. ഇതിന്റെ ധനശേഖരണാർത്ഥം ശാസ്ത്രമേള നടക്കുന്ന കോംപൗണ്ടിൽ ഇവർ ആരംഭിച്ചത് 10 തട്ടുകടകൾ! കടകളുടെ ഉദ്‌ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു