s

വില്ലുപുരം: വിക്രവാണ്ടിയിൽ നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ഉജ്ജ്വലമായ സംസ്ഥാന സമ്മേളനവും പാർട്ടി മേധാവി നടൻ വിജയ് നടത്തിയ തകർപ്പൻ പ്രസംഗവും തമിഴ്നാട് ജനതയ്ക്ക് നൽകുന്ന സന്ദേശം 2026ൽ വിജയ് മുഖ്യമന്ത്രിയാകുമെന്നാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ,നടൻ വിജയ്ക്ക് അതു സാദ്ധ്യമാകുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നീരീക്ഷകർക്ക് രണ്ട് അഭിപ്രായമുണ്ടെങ്കിലും ഭരണ, പ്രതിപക്ഷ കക്ഷികൾ ഷോക്കേറ്റ അവസ്ഥയിലാണ്. അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ലക്ഷക്കണക്കിന് യുവജനങ്ങൾ സമ്മേളനം നടന്ന വിക്രവാണ്ടിയിലേക്ക് ഒഴുകിയെത്തിയത്. മറ്റ് പാർട്ടികളെ ഒപ്പം കൂട്ടി സർക്കാർ രൂപീകരിക്കുമെന്ന സൂചന കൂടി വിജയ് പ്രസംഗത്തിൽ നൽകിയിരുന്നു. ഒപ്പം വരുന്നവർക്ക് ഭരണത്തിൽ പങ്കാളിത്തം നൽകുമെന്ന വാഗ്ദാനം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ആകർഷിക്കുന്നതാണ്. ഡി.എം.കെ സഖ്യത്തിൽ രണ്ടാം സ്ഥാനമുള്ള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും ‌‌‌ഡി.എം.കെ ഭരണപങ്കാളിത്തം നൽകിയിട്ടില്ല.

മൂർച്ചയുള്ള ഭാഷയും ആത്മവിശ്വാസമുള്ള ശരീരഭാഷയും കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച വിജയ്, ഇതേ മാസ് പ്രകടനം രാഷ്ട്രീയക്കളത്തിലും കാഴ്ച വച്ചാൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെല്ലാം തകരുമെന്നുറപ്പ്.

വിമർശിച്ച് ‌ഡി.എം.കെയും

അണ്ണാ ഡി.എം.കെയും

വിജയ് പ്രഖ്യാപിച്ച പ്രത്യയശാസ്ത്രം, തങ്ങളുടേത് കോപ്പിയടിച്ചതാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ആരോപിച്ചു. ഞങ്ങളുടെ നയങ്ങളാണ്. അദ്ദേഹം കോപ്പിയടിക്കുകയാണ്. അദ്ദേഹം എന്തൊക്കെ പറഞ്ഞോ അതെല്ലാം ഞങ്ങൾ നേരത്തെ പറഞ്ഞതും പിന്തുടർന്ന് വരുന്നതുമാണ്. ഇത് ടി.വി.കെയുടെ ആദ്യ സമ്മേളനമാണ്. നമുക്ക് നോക്കാം. നിരവധി പാർട്ടികളെ കണ്ടിട്ടുണ്ട്. നിരവധി എതിരാളികളെ ഡി.എം.കെ. അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഇളങ്കോവൻ പറഞ്ഞു.

ടി.വി.കെയുടെ പ്രത്യയശാസ്ത്രത്തെ മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും വിമർശിച്ചു. എല്ലാ പാർട്ടികളുടെയും പ്രത്യയശാസ്ത്രത്തിന്റെ മിശ്രിതമാണ് ടി.വി.കെയുടെ പ്രത്യയശാസ്ത്രമെന്നും പഴയ വൈന്‍ പുതിയ കുപ്പിയിൽ ആക്കിയിരിക്കുന്നതാണെന്നും എ.ഐ.എ.ഡി.എം.കെ. വക്താവ് കോവൈ സത്യൻ പറഞ്ഞു.

`ഞായറാഴ്ച രാവിലെ ഞാൻ വിജയ്ക്ക് ആശംസകളാണ് അറിയിച്ചത്. വൈകിട്ട് വിജയ് എന്തു പറഞ്ഞുവെന്നറിയില്ല. സമ്മേളനത്തിന്റെ വീഡിയോ കണ്ടിട്ട് പ്രതികരിക്കാം.'

- ഉദയനിധി സ്റ്റാലിൻ,

ഉപമുഖ്യമന്ത്രി

`ഇത്രനാളും സിനിമയിലായിരുന്ന വിജയ്ക്ക് രാഷ്ട്രീയത്തെ മുഴുവനായും അറിയില്ല. തമിഴ്നാട്ടിൽ രാഷ്ട്രീയമാറ്റം വരണമെന്നും കുടുംബവാഴ്ച അവസാനിക്കണമെന്നും പറഞ്ഞത് നല്ലതാണ്.'

-തമിഴിസൈ സൗന്ദർരാജൻ,

ബി.ജെ.പി നേതാവ്