
തിരുവനന്തപുരം: വിശപ്പകറ്റാൻ മാസങ്ങളായി വെള്ളം കുടിച്ച് പുസ്‌തകം വായിച്ചുകിടന്ന വിദ്യാർത്ഥികൾക്ക് ഒടുവിൽ ആശ്വാസം. പട്ടികവർഗ വകുപ്പിന് കീഴിലുള്ള അമ്പൂരി കുട്ടമലയിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്ററിൽ മൂന്നുനേരവും ഭക്ഷണം എത്തിത്തുടങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ രാവിലെയും ഉച്ചയ്ക്കും മാത്രമാണ് ഭക്ഷണം ലഭിക്കുന്നതെന്ന് കേരളകൗമുദി ഞായറാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് ഇന്നലെ മുതൽ രാത്രിയിലും ഭക്ഷണമെത്തിച്ചു. സമീപത്തെ ഹോട്ടലിൽ നിന്ന് വിദ്യാർത്ഥികൾക്ക് രാത്രിയിലുള്ള ഭക്ഷണം സജ്ജീകരിക്കാൻ വകുപ്പ് അധികൃതർ സ്ഥാപനത്തിന്റെ ചീഫ് ഇൻസ്ട്രക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്‌തതയെ തുടർന്നാണ് മൂന്നുനേരവും ഭക്ഷണം നൽകാനാവാത്തതെന്ന് അധികൃതർ അറിയിച്ചിരുന്നു. ഒരു വിദ്യാർത്ഥിയുടെ ഭക്ഷണച്ചെലവിനായി 3000 രൂപയാണ് ഒരുമാസം സർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ തുക വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തും. ശരിയായി ഭക്ഷണം ലഭിക്കാത്തത് വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പലർക്കും സാധിച്ചിരുന്നില്ല.
ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം നിലവിൽ സ്ഥാപനത്തിലില്ല. ഒരുവർഷം ദൈർഘ്യമുള്ള കാർപ്പെന്ററി കോഴ്സിലും രണ്ടുവർഷം ദൈർഘ്യമുള്ള ഇലക്ട്രീഷ്യൻ കോഴ്സിലുമായി 18 വിദ്യാർത്ഥികളാണ് ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ടിനകത്തെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഭക്ഷണക്രമീകരണത്തെ സംബന്ധിച്ച് സെന്ററിൽ ഇന്നലെ പി.ടി.എ മീറ്റിംഗും നടന്നു.