തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ പുതിയ കാത്ത് ലാബ് സജ്ജമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഏഴ് കോടി രൂപ വിലയുള്ള ഫിലിപ്‌സിന്റെ യന്ത്രത്തിന് സ‌പ്ലൈ ഓർഡർ നൽകി. യന്ത്രം സ്ഥാപിക്കുന്നതിനും റേഡിയേഷൻ തടയുന്നതിനുള്ള ക്രമീകരണം ഒരുക്കുന്നതിനുമായി 47.65ലക്ഷം രൂപ ചെലവഴിക്കാനും സർക്കാർ അനുമതി നൽകി. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്.

രണ്ടു മാസത്തിനകം ജോലി പൂർത്തിയാക്കി ജനുവരിയിൽ പുതിയ ലാബ് തുറക്കാനാണ് ശ്രമം. കാലപ്പഴക്കം കാരണം കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ കാത്ത് ലാബ് സർവീസ് ചെയ്യാൻ കഴിയാത്തതിനാലാണ് പുതിയത് ഒരുക്കുന്നത്. സ്‌പെയർപാർട്സുകൾക്കായി പഴയ യന്ത്രങ്ങൾ വാങ്ങുന്ന കമ്പനികളെ ടെൻഡറിലൂടെ കണ്ടെത്തി നിലവിലുള്ള സീമെൻസ് കമ്പനിയുടെ യന്ത്രം കൈമാറാൻ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ ചുമതലപ്പെടുത്തി. ലഭിക്കുന്ന 15 ലക്ഷത്തോളം രൂപ സർക്കാർ ഖജനാവിലേക്ക് അടയ്ക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ ഉത്തരവിലുണ്ട്. കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം 2010ൽ മെഡിക്കൽ കോളേജിന് ലഭ്യമായ കാത്ത് ലാബാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് പരിപാലിച്ചിരുന്നത്. മൂന്നുമാസം മുമ്പാണ് ഇത് അടച്ചത്.ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ഉൾപ്പെടെ കാര്യക്ഷമമായി നടക്കാൻ കാത്ത് ലാബ് വേണം. നിലവിൽ എച്ച്.ഡി.എസിന്റെ കാത്ത് ലാബും ഇവിടെ സജ്ജമാണ്. കൂടാതെ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ബദലായി ന്യൂറോ കാത്ത് ലാബിലും ഇന്റർവെൻഷണൽ റേഡിയോളജി കാത്ത് ലാബിലും പകരം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.