
അഞ്ചുവർഷം വൈകിയ ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ആദ്യം ആരംഭിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പുറത്തുവന്നതോടെ ജാതി സെൻസസ് കൂടി ഉൾപ്പെടുത്തി വേണം അതു പൂർത്തിയാക്കാനെന്ന ആവശ്യം ശക്തമാകാൻ പോവുകയാണ്. രാജ്യത്ത് ഭൂരിപക്ഷം വരുന്ന മറ്റു പിന്നാക്ക സമുദായാംഗങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ ശേഖരിച്ചിട്ടില്ല. കുറെക്കാലമായി ഈ ആവശ്യം പ്രതിപക്ഷത്തുനിന്നു മാത്രമല്ല, ഭരണ മുന്നണിയിലെ കക്ഷികളും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജാതി സെൻസസിന് എതിരാണ്. ജാതി സെൻസസ് പ്രശ്നത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക് കുറെ നഷ്ടമുണ്ടായിട്ടുപോലും നിലപാടു മാറ്റാൻ മോദി സർക്കാർ തയ്യാറാകാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുതന്നെയാണ്.
അനേകം ജാതികളും അവയുടെ ഉപ വിഭാഗങ്ങളുമുള്ള രാജ്യത്ത് പുരോഗതിയുടെയും വികസനത്തിന്റെയും സദ്‌ഫലങ്ങൾ തുല്യതയോടെ വീതിക്കപ്പെടേണ്ടത് ആവശ്യമാണ്. പിന്നാക്ക വിഭാഗങ്ങൾ എക്കാലവും ദേശീയ മുഖ്യധാരയിൽ നിന്ന് അകന്നുതന്നെ നിലകൊള്ളണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ട്. ജാതി സെൻസസ് ആവശ്യമില്ലെന്നു വാദിക്കുന്ന പ്രബല ശക്തികളും ഇക്കൂട്ടർ തന്നെയാണ്. സെൻസസ് പ്രക്രിയ 2025 ആദ്യം തുടങ്ങാനിരിക്കെ വിവാദ വിഷയമായ ജാതി കണക്കെടുപ്പു കൂടി ഇതിന്റെ ഭാഗമാകുമോ എന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജാതി സെൻസസ് പൂർണ അർത്ഥത്തിലും വ്യാപ്തിയിലും സംഘടിപ്പിക്കാൻ ഏതായാലും കേന്ദ്രം ഒരുക്കമല്ലെന്നാണ് ഇതിനകം പുറത്തുവന്നിട്ടുള്ള വിവരം. പകരം സെൻസസ് വിവരശേഖരണ പട്ടികയിൽ ജാതി സൂചിപ്പിക്കുന്നതിനുള്ള ഒരു കോളം കൂടി നൽകാനാണ് ആലോചന. ഇക്കാര്യത്തിലും ഉറച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുകയെന്നതായിരിക്കും ആദ്യ നടപടിയെന്ന് കോൺഗ്രസും മറ്റു പ്രമുഖ പ്രതിപക്ഷ കക്ഷികളും നിലപാട് എടുത്തുകഴിഞ്ഞു. എൻ.ഡി.എ കക്ഷിയായ ബീഹാറിലെ നിതീഷ്‌കുമാറിന്റെ ഗവൺമെന്റ് ഇതിനകം ജാതി സെൻസസ് നടത്തിക്കഴിഞ്ഞു. ഇതിനെതിരെ ഹർജികളുമായി ഉന്നത കോടതികളിൽ പോയവർ കേസിൽ തോൽക്കുകയും ചെയ്തു. കോൺഗ്രസ് ഭരണമുള്ള കർണാടക പോലുള്ള സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്താനുള്ള തീരുമാനത്തിലാണ്. പട്ടികജാതി - വർഗ വിഭാഗങ്ങളുടെ കണക്ക് ഇപ്പോൾത്തന്നെ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗക്കാരുടെ എണ്ണമെടുക്കുന്നതിന് എന്താണു തടസ്സമെന്നു മനസ്സിലാകുന്നില്ല. സെൻസസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കലും നടക്കുന്നുണ്ട്. 2026-ൽ ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങൾ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
സെൻസസ് പ്രക്രിയ പൂർത്തിയാക്കുന്നതിനൊപ്പം നിയോജക മണ്ഡലങ്ങളുടെ പുനർ നിർണയവും നടത്തേണ്ടതുണ്ട്. 1971-ലെ ജനസംഖ്യയെ ആധാരമാക്കിയുള്ളതാണ് ഇപ്പോഴത്തെ നിയോജക മണ്ഡലങ്ങൾ. സംവരണ മണ്ഡലങ്ങളും പുനർ നിർണയിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ മൂന്നിലൊന്നു സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഭരണാധികാരികളുടെ മുന്നിലുണ്ട്. ഇനിയും നടപ്പാക്കാത്ത ഈ ആവശ്യവും സെൻസസ് പൂർത്തിയാക്കി മണ്ഡല പുനർവിഭജനം നടപ്പാക്കുമ്പോൾ പരിഗണിക്കേണ്ടിവരും. ജാതി സെൻസസിലടക്കം വ്യക്തത വരുത്താൻ കേന്ദ്രം സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉത്തരവാദിത്വം കൂടിയാണത്. ജാതി സെൻസസ് പ്രശ്നത്തിൽ രാജ്യത്ത് വിവാദങ്ങളും അരക്ഷിതത്വവും ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടത് കേന്ദ്രമാണ്. ജാതി സെൻസസിൽ കേന്ദ്രം അനാവശ്യ പിടിവാശി ഉപേക്ഷിക്കുന്നതാവും രാജ്യത്തിനും ജനങ്ങൾക്കും അഭികാമ്യം.