
കടയ്ക്കാവൂർ: ഉറവിട മാലിന്യ സംസ്കരണം സുഗമമാക്കുന്നതിനു വേണ്ടി നൽകിയ ബോട്ടിൽ ബൂത്ത്,ബയോ ബിൻ എന്നിവ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഓഫീസിന് അകത്തും പുറത്തുമായി കൂട്ടിയിട്ടിരിക്കുന്നതായി പരാതി. പഞ്ചായത്തിന് ഒൻപത് മാസം മുൻപ് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനായി സർക്കാർ നൽകിയ ബോട്ടിൽ ബൂത്ത് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ തുരുമ്പെടുത്തു നശിക്കുകയാണ്. വിനോദസഞ്ചാരികൾ വരുന്ന ലെെറ്റ് ഹൗസിലും അഞ്ചുതെങ്ങ് കോട്ടയിലും മറ്റും നാളിതുവരെയായിട്ടും ഇതൊന്ന് സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്ത് സഹായകരമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.