p

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ആനുപാതികമായി സ്റ്റാഫ് നഴ്സ് നിയമനം നടക്കുന്നില്ല. വിവിധ ജില്ലകളിലായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്‌റ്റുകളുടെ മൂന്ന് വർഷ കാലാവധി അവസാനിക്കാനിരിക്കെ,ഇതുവരെ 1265 പേർക്കു മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. അതിൽ 400 എണ്ണവും എൻ.ജെ.ഡി. ഒഴിവുകളിലാണ്.

14 ജില്ലയിലായി 7,123 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റുകൾക്കാണ് ഈ ഗതികേട്. അവശ്യ സർവീസ് തസ്‌തികയാണെന്ന പരിഗണന ലഭിക്കാത്തതിനാൽ മറ്റു പല റാങ്ക് ലിസ്റ്റുകളുടെയും ദുരവസ്ഥയിലേക്ക് ഈ ലിസ്റ്റും തള്ളപ്പെടുന്നതായാണ് ഉദ്യോഗാർത്ഥികളുടെ പരാതി..കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 3,067 പേർക്ക് നിയമനം ലഭിച്ചിരുന്നു.

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് -2 റാങ്ക് ലിസ്റ്റിന്റെ നിലവിലുള്ള ലിസ്റ്റുകൾ നവംബർ 28 മുതൽ ജനുവരി 24 വരെയുള്ള തീയതികളിലായി റദ്ദാകും. .നൂറിലധികം നിയമനം നടന്നത് തിരുവനന്തപുരം, പാലക്കാട് ,എറണാകുളം,മലപ്പുറം ജില്ലകളിൽ മാത്രമാണ്. പത്തനംതിട്ട, കൊല്ലം, ഇടുക്കി,വയനാട് ജില്ലകളിൽ 50 പേർക്കു പോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല.

347 പേർ ഉൾപ്പെട്ട വയനാട് ജില്ലയിലെ റാങ്ക് ലിസ്റ്റ‌ിൽ നിന്ന് ഇതുവരെ 7 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.അതേ സമയം,ഹോസ്‌പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ വഴി താൽക്കാലിക നിയമനം നിർബാധം തുടരുന്നതായാണ് ആരോപണം.. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.ഇക്കുറി അഭിമുഖം ഒഴിവാക്കിയാണ് റാങ്ക് ലിസ്റ്റ് .