
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായ വേളി കടപ്പുറം മാലിന്യക്കൂമ്പാരമായി കിടക്കാൻ തുടങ്ങി ആഴ്ചകളായിട്ടും നടപടിയെടുക്കാതെ അധികൃതർ. വേളി മുതൽ തുമ്പ വരെയുള്ള ഏകദേശം മൂന്ന് കിലോമീറ്ററോളം വരുന്ന കടൽത്തീരത്ത് മാലിന്യം അടിഞ്ഞ് കൂടിക്കിടക്കുകയാണ്. മഴക്കാലത്ത് വേളി കായലിൽ നിന്ന് പൊഴി കടന്ന് കടലിലേക്കെത്തിയ മാലിന്യമാണ് ഇത്തരത്തിൽ കരയ്ക്കടിയുന്നതെന്ന് തീരവാസികൾ പറയുന്നു.
പാർവതി പുത്തനാർ,ആമയിഴഞ്ചാൻ തോട് എന്നിവയിലൂടെ വേളി കായലിലൂടെ എത്തുന്ന നഗരമാലിന്യമാണ് തീരമാകെ നിറഞ്ഞുകിടക്കുന്നത്.മെഡിക്കൽ മാലിന്യങ്ങളും,അറവുശാലകളിലെ മാലിന്യങ്ങളും,പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള ടൺക്കണക്കിന് മാലിന്യവുമാണ് കടപ്പുറത്ത് വ്യാപിച്ച് കിടക്കുന്നത്.
സൂക്ഷിച്ചില്ലെങ്കിൽ അപകടമുറപ്പ്
വൈകിട്ടാണ് കടപ്പുറത്ത് സന്ദർശകരേറെയും എത്തുന്നത്.ഇരുട്ടുന്നതോടെ നിലാവിന്റെ വെളിച്ചം മാത്രമാണ് ഇവിടെയുള്ളത്.കുപ്പിച്ചില്ലുകളും,സിറിഞ്ചും മരുന്ന് കുപ്പികളും അലക്ഷ്യമായാണ് തീരത്ത് വലിച്ചെറിഞ്ഞിരിക്കുന്നത്. മണൽ മൂടി കിടക്കുന്നതിനാൽ അപകടം തിരിച്ചറിയാനും സാധിക്കില്ല.നിരവധി സന്ദർശകരുടെ കാലുകളിൽ ഇവ കുത്തിക്കയറിയിട്ടുണ്ട്.
കായലിലേക്ക് മാലിന്യം തള്ളുന്നു
വേളി കായലിലേക്ക് ചാക്കുകെട്ടുകളിലും ചെറു കവറുകളിലുമാക്കിയാണ് മാലിന്യം കൊണ്ട് തള്ളുന്നത്.വേളി പെരുമാതുറ റോഡിലെ വേളി പാലത്തിന്റെ ഇരുവശങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യക്കൂമ്പാരങ്ങൾ കാണാൻ സാധിക്കും. കാടുപിടിച്ചുകിടക്കുന്ന പാലത്തിന്റെ പരിസരങ്ങളിൽ ഒരിടത്തും സി.സി ടിവി ക്യാമറകളില്ലാത്തത് വലിച്ചെറിയുന്നവരുടെ എണ്ണം കൂട്ടി. പാലത്തിന്റെ തുടക്കം മുതൽ കൈവരി തീരും വരെ മാത്രമാണ് മാലിന്യം കായലിൽ തള്ളാതിരിക്കാനുള്ള ഗ്രിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതുകഴിഞ്ഞിട്ടുള്ള ഭാഗത്താണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.