
തിരുവനന്തപുരം: ദീപാവലിക്ക് പാലിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം വിപുലമായ ക്രമീകരണങ്ങളൊരുക്കി മിൽമ. പേഡ, കോക്കനട്ട് ബർഫി, മിൽക്കി ജാക്ക്, ഗുലാബ് ജാമുൻ തുടങ്ങിയ ആകർഷകമായ മധുര പലഹാരങ്ങളാണ് ദീപാവലിക്ക് അവതരിപ്പിക്കുന്നത്. മിൽമയുടെ സ്റ്റാളുകളിലും പാർലറുകളിലും കടകളിലും അംഗീകൃത ഏജൻസികളിലും ഇവ ലഭ്യമാണ്.
വിപണി വിപുലീകരണവും വൈവിദ്ധ്യവൽക്കരണവും ലക്ഷ്യമിടുന്ന 'റീ പൊസിഷനിംഗ് മിൽമ' പദ്ധതിയിൽ അവതരിപ്പിച്ച തനത് കേരളീയ രുചിയുള്ള റെഡിടു ഈറ്റ് പാലട പായസത്തിനും ടെൻഡർ കോക്കനട്ട് ഐസ്‌ക്രീമിനും ആവശ്യക്കാരേറെയാണ്. പല ഫ്ളേവറുകളിലുള്ള കാഷ്യു വിറ്റ പൗഡറാണ് അടുത്തിടെ വിപണിയിലെത്തിച്ച പുതിയ ഉത്പന്നം. ഒസ്മാനിയ ബട്ടർ ബിസ്‌കറ്റും ബട്ടർ ഡ്രോപ്‌സുമാണ് 'റീപൊസിഷനിംഗ് മിൽമ'യിലെ മറ്റ് ജനപ്രിയ ഉത്പന്നങ്ങൾ.
മിൽമ പുറത്തിറക്കിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു.