
കിളിമാനൂർ: അപകടങ്ങൾ തുടർക്കഥയായിട്ടും വാമനപുരം പാർക്ക് ജംഗ്ഷനിൽ മുന്നറിയിപ്പ്,സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാതെ അധികൃതർ.കിളിമാനൂർ നിന്നും,തിരുവനന്തപുരത്ത് നിന്നും,ആറ്റിങ്ങൽ നിന്നും,കുറ്ററ നെല്ലനാട് ഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്ന ഒരു ജംഗ്ഷനാണ് വാമനപുരം പാർക്ക് ജംഗ്ഷൻ.
ഇവിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹനത്തിലെ അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ പൈലറ്റ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടതായിരുന്നു കാരണം.
ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നിത്യവും ഇവിടെ നടക്കുന്നത്
നാല് വശത്തേക്കും വാഹനങ്ങൾ പോകുന്ന വാമനപുരം പാർക്ക് ജംഗ്ഷനിൽ എപ്പോഴും വൻ തിരക്കായിരിക്കും.സ്ഥിരം അപകടമേഖലയായ ഇവിടെ സിഗ്നൽ ലൈറ്റോ,സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടം സ്ഥിരം
ഇവിടെ നിരവധി ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്.സമീപത്തെ ചായക്കടയിലെ ജീവനക്കാരൻ വാഹനം ഇടിച്ചു മരിച്ചതും,കോൺക്രീറ്റ് പണി കഴിഞ്ഞ് ജോലിക്കാരുമായി വന്ന ജീപ്പ് അപകടത്തിൽപ്പെട്ട് ജീപ്പിലുണ്ടായിരുന്ന മൂന്നുപേർ മരിച്ചതും ഇതേ സ്ഥലത്തുവച്ചാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ
കാരേറ്റു നിന്ന് വരുമ്പോൾ ഈ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിയുമ്പോഴാണ് ആറ്റിങ്ങൽ റോഡ്.ഈ റോഡിൽ സിഗ്നൽ ലൈറ്റില്ലാത്തതിനാൽ മിക്ക വാഹനങ്ങളും ഇവിടെയെത്തുമ്പോൾ സഡൻ ബ്രേക്കിട്ട് തിരിയുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.