വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ വിതുര വാർഡുകളുടെ അതിർത്തിപ്രദേശമായ കളിയിക്കൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. വനമേഖലയോട് അടുത്ത പ്രദേശമായതിനാൽ കാട്ടാനകൾ വനത്തിൽനിന്നും പെട്ടെന്ന് ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന സ്ഥിതിയാണ്. പ്രദേശത്ത് ഉപജീവനത്തിനായി നടത്തിയിരുന്ന കൃഷി മുഴുവൻ കാട്ടാനക്കൂട്ടം തകർത്തു. ബാങ്ക് ലോണെടുത്തും മറ്റുമാണ് കൃഷി നടത്തിയിരുന്നത്. കർഷകർക്ക് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

ആനശല്യം മൂലം രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കൂടാതെ കാട്ടുപോത്തും മേഖലയിലിറങ്ങി ഭീതിപരത്തുന്നുണ്ട്. കാട്ടാനശല്യം വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി വനപാലകർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആനശല്യം രൂക്ഷമായതായി ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാട്ടാനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കളിയിക്കൽ നിവാസികൾ.

കരടിയും ഭീതിപരത്തുന്നു

കരടിയും കളിയിക്കൽ മേഖലയിലിറങ്ങി ഭീതിപരത്താറുണ്ട്. ചക്കസീസണിലാണ് കൂടുതലും ഇവ എത്താറുള്ളത്. മേഖലയിലെ പ്ലാവുകളിലെ ചക്കൾ കരടികൾ തിന്ന് തീർക്കും. ആക്രമണവും നടത്താറുണ്ട്.

കാട്ടാനശല്യം രൂക്ഷമായ വാർഡുകൾ

വിതുര,പേപ്പാറ,മേമല,മണിതൂക്കി,കല്ലാർ,ആനപ്പാറ,മരുതാമല,ബോണക്കാട്,പൊൻമുടി

വിതുര പഞ്ചായത്തിലെ കളിയിക്കൽ മേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് തടയിടണം. സോളാർഫെൻസിംഗും, ആനക്കിടങ്ങും സ്ഥാപിക്കണം. സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ബി.വിപിൻ

പ്രസിഡന്റ് കളിയിക്കൽ

റസിഡന്റ്സ് അസോസിയേഷൻ