
തിരുവനന്തപുരം:പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പരിപാടിയനുസരിച്ച് 2025ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഉൾപ്പെടെ കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്‌ജ്യോതിനാഥ് അറിയിച്ചു. കരട് പട്ടിക താലൂക്ക്,വില്ലേജ് ഓഫീസുകളിലും www.ceo.kerala.gov.in ലും ബൂത്ത് ലെവൽ ഓഫീസറുടെ പക്കലും പരിശോധനയ്ക്ക് ലഭ്യമാണ്.
17വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. ഇവർക്ക് ജനുവരി 1, ഏപ്രിൽ 1,ജൂലായ്1,ഒക്ടോബർ1 എന്നീ നാല് യോഗ്യതാ തീയതികളിൽ എന്നാണോ 18വയസ് പൂർത്തിയാകുന്നത്,ആ തീയതിയിൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചറിയൽകാർഡ് നൽകും. voters.eci.gov.inലൂടെയോ,വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.
ആർ.ടി.ഐ പോർട്ടൽ:
വിശദീകരണം തേടി
കൊച്ചി: സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ ആരംഭിച്ച ഓൺലൈൻ വിവരാവകാശ പോർട്ടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണംതേടി. ഓൺലൈനായി ഫീസടയ്ക്കുന്നതിൽ തടസങ്ങളുണ്ടെന്നും പോർട്ടലിൽ എല്ലാ സർക്കാർ വകുപ്പുകളും ലഭ്യമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ ഏഴിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.