
തിരുവനന്തപുരം : പൂരം കലങ്ങിയിട്ടില്ലെന്ന നിലപാടിൽ സി.പി.എം ഉറച്ച് നിൽക്കുന്നതോടെ, ഇടതുമുന്നണിയിൽ ഭിന്നത മുറുകുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പത്രക്കുറിപ്പിൽ പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണെന്ന വിമർശനം ഉന്നയിച്ചത് സി.പി.ഐയെ ചൊടിപ്പിച്ചൂ .
പൂരം കലങ്ങിയെന്ന റവന്യു മന്ത്രി കെ. രാജന്റെ വാദം സി.പി.ഐ സംസ്ഥാന സെക്രട്ടറി
ബിനോയ് വിശ്വം ആവർത്തിച്ചതിന് പിന്നാലെയായിരുന്നു പത്രക്കുറിപ്പ്. പൂരമല്ല വെടിക്കെട്ട് മാത്രമാണ് കലങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം സി.പി.ഐ തള്ളുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷ ആരോപണത്തെ മറികടക്കാൻ നിലപാടിൽ വെള്ളം ചേർക്കാനാവില്ലെന്നതാണ് സി.പി.ഐയിലെ പൊതുവികാരം. പൂരം കലങ്ങിയിട്ടില്ലെന്ന നിലപാടിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും രംഗത്ത് വന്നിരുന്നു.
അതിനിടെ, പൂരം കലങ്ങിയപ്പോൾ ആംബുലൻസിൽ അന്ന് തൃശ്ശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെത്തിയെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ വാദം സുരേഷ് ഗോപി തള്ളിയതും വിവാദങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.