തിരുവനന്തപുരം: പ്രതിഭകൾ വിസ്മയം തീർത്ത റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ 1198 പോയിന്റ് നേടി ഓവറാൾ ചാമ്പ്യന്മാരായി ആറ്റിങ്ങൽ ഉപജില്ല.1103 പോയിന്റുമായി കാട്ടാക്കട ഉപജില്ലയാണ് രണ്ടാമത്. 348 പോയിന്റ് നേടി ആറ്റിങ്ങൽ ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളുകളിൽ ഒന്നാമതെത്തി. 295 പോയിന്റോടെ ഭരതന്നൂർ ഗവ.എച്ച്.എസ്.എസ് ആണ് രണ്ടാമത്.
രണ്ടാംദിനമായ ഇന്നലെ പരിചയമേള തത്സമയം, സാമൂഹ്യശാസ്ത്ര, ഐ.ടി മേളകളാണ് നടന്നത്. സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റുമായി തിരുവനന്തപുരം സൗത്തും കിളിമാനൂരും ചാമ്പ്യന്മാരായി. 89 പോയിന്റോടെ ആറ്റിങ്ങൽ രണ്ടാമതെത്തി. 37 പോയിന്റുമായി ന്യൂ എച്ച്.എസ്.എസ് നെല്ലിമൂടും കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസ് കടുവയിലും മികച്ച സ്‌കൂളുകളായി. 36 പോയിന്റോടെ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് ആണ് രണ്ടാമതെത്തിയത്.
ഐ.ടി മേളയിൽ 110 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ചാമ്പ്യന്മാരായി. 109 പോയിന്റോടെ നെയ്യാറ്റിൻകരയാണ് രണ്ടാമത്. 45 പോയിന്റ് സ്വന്തമാക്കിയ നിർമല ഭവൻ ഗേൾസ് എച്ച്.എസ്.എസ് ആണ് മികച്ച സ്‌കൂൾ. 35 പോയിന്റോടെ നെയ്യാറ്റിൻകര ഗവ.എച്ച്.എസ്.എസ് രണ്ടാമതെത്തി.
പ്രവൃത്തിപരിചയമേളയിൽ 712 പോയിന്റ് നേടി ആറ്റിങ്ങൽ ഉപജില്ലയാണ് ചാമ്പ്യന്മാർ. 627 പോയിന്റോടെ പാറശാല രണ്ടാമതായി. 251 പോയിന്റ് നേടിയ ആറ്റിങ്ങൽ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസാണ് മികച്ച സ്‌കൂൾ. ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഉപജില്ലയും ഗണിതശാസ്ത്രമേളയിൽ കിളിമാനൂരും ചാമ്പ്യന്മാരായി. സമാപനസമ്മേളനം ഇന്ന് വൈകിട്ട് 3ന് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ അദ്ധ്യക്ഷനാകും.
വേദികളിലേക്ക് കടന്നുകയറ്റം
മത്സര വേദികളിലേക്ക് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രവേശനം കർശനമായി വിലക്കിയിരുന്നെങ്കിലും സംഘാടകരുടെ സ്വരം കടുപ്പിക്കുന്ന തരത്തിൽ രക്ഷിതാക്കളും അദ്ധ്യാപകരും മത്സരവേദികളിലേക്ക് കടന്നുകയറി. മത്സരങ്ങൾ നടക്കുന്ന ഇടങ്ങൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് പ്രദർശിപ്പിക്കാതിരുന്നത് മത്സരാർത്ഥികളെയും കൂടെ വന്നവരെയും വലച്ചു.