
ഡോക്ടർ പി. പല്‌പുവിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം മുതലുള്ള പല സംഭവങ്ങളും നിർണായകമായി സ്വാധീനിച്ചിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയിൽ വീട്ടുചെലവിനും പഠിപ്പിനും വേണ്ട സഹായം ചെയ്യാതിരുന്ന വല്യമ്മാവനോട്, അന്ന് കേവലം പന്ത്രണ്ടു വയസു മാത്രമുണ്ടായിരുന്ന പല്‌പു വ്യത്യസ്തമായൊരു സമരമുറയാണ് സ്വീകരിച്ചത്. നാളികേരം അടർത്തിയിടുവാൻ തെങ്ങിൽ കയറിയ തൊഴിലാളിയോട് വൃക്ഷച്ചുവട്ടിലെത്തി പല‌്‌പു ഭീഷണി മുഴക്കി: ''വല്യമ്മാവൻ ഞങ്ങൾക്ക് ചെലവിനു തരാതെ ഇവിടുന്ന് മാറുകയില്ല. അല്ലെങ്കിൽ തേങ്ങ അടർത്തി എന്റെ തലയിലിടുക!"" ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ അമ്മാവൻ മുട്ടുമടക്കി. ഒടുവിൽ സഹോദരിക്ക് ആദായമെടുക്കാൻ അദ്ദേഹം കുറച്ചു സ്ഥലം വിട്ടുകൊടുത്തു; പല്‌പുവിന്റെ പഠിപ്പിനുവേണ്ട ഏഴുരൂപയും.
ഒരു കലാപകാരി കുടംബത്തലവനോടു കാണിച്ച ഈ കർക്കശമായ സമീപനം തന്നെയാണ് ഡോ. പല്‌പു ജീവിതത്തിലുടനീളം പ്രകടിപ്പിച്ചത്. അവകാശങ്ങൾക്കു വേണ്ടിയുള്ള സമരം- അത് ജാതി വ്യത്യാസത്തിന്റെ പേരിലാണെങ്കിൽ ശക്തി കൂടും. അതിനു തക്കതായൊരു കുടുംബപശ്ചാത്തലവും അദ്ദേഹത്തിനുണ്ടായിരുന്നു. ജാതിയിൽ താണവനെന്ന കാരണത്താൽ അഭിഭാഷകനാകാൻ വേണ്ട പരിശീലനം നേടിയിട്ടും ആ ജോലി ലഭിക്കാതെ വന്ന അച്ഛൻ. തിരുവിതാംകൂറിൽ ഉദ്യോഗത്തിനു വേണ്ടുന്ന യോഗ്യത നേടിയിട്ടും അത് കിട്ടാതെ മലബാറിൽ പോയി ജോലി നേടിയ ശേഷം മദിരാശിയിൽ ഉയർന്ന ഉദ്യോഗത്തിലെത്തിയ ജ്യേഷ്ഠൻ. ജ്യേഷ്ഠനെപ്പോലെ തന്നെ സ്വന്തം നാട്ടിൽ ജോലി കിട്ടാതെ മൈസൂറിൽ പോയി ഉയർന്ന ഉദ്യോഗത്തിലിരിക്കാൻ കഴിഞ്ഞ അനുജൻ. ഇതൊക്കെയാണ് ഡോ. പല്‌പുവെന്ന അതുല്യ വ്യക്തിത്വത്തെ ഒരു കലാപകാരിയാക്കി മാറ്റി ജീവിതവിജയം നേടാൻ പ്രേരിപ്പിച്ചത്.
സാമൂഹ്യബോധവും സാമർത്ഥ്യവും മികവുമുള്ള വിദ്യാർത്ഥിയായിരുന്നിട്ടും, പരീക്ഷകളിൽ സവർണ വിദ്യാർത്ഥികളെ പിന്തള്ളി ഉന്നത വിജയം കരസ്ഥമാക്കിയിട്ടും മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നിട്ടും ഈഴവ സമുദായത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിന് തിരുവിതാംകൂറിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ ജാതിഭ്രാന്തിന്റെ തീച്ചൂളയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നാണ് ഉന്നതപഠനം പൂർത്തിയാക്കിയത്.
ജാതീയമായും സാമൂഹികമായും സാമ്പത്തികമായും വളരെയേറെ ക്ളേശങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും അദ്ദേഹം തളർന്നില്ല. എല്ലാ തടസങ്ങളെയും അതിജീവിച്ച പല്‌പു, ഡോ. പല്‌പുവായി ലക്ഷ്യബോധത്തോടെ തിരുവിതാംകൂറിൽ മടങ്ങിയെത്തി. എന്നിട്ടും അയിത്ത ജാതിക്കാരനായി ജനിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ ഉദ്യോഗം ലഭിച്ചില്ല. തുടർന്നാണ് ഡോക്ടർ മൈസൂറിലേക്കു പോയത്. അവിടെ ഗവൺമെന്റ് സർവീസിൽ ഉദ്യോഗത്തിൽ പ്രവേശിക്കുകയും ചെയ്തു.
1898-ൽ പ്ളേഗ് രോഗം ബാധിച്ച് ശ്‌മശാനതുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ മൃതശരീരങ്ങൾക്കും മരണാസന്നർക്കുമിടയിൽ ദൈവത്തിന്റെ ദാസനായും ശ്രീനാരായണ ഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് ആത്മശാന്തിയുടെ സങ്കീർത്തനങ്ങൾ തീർത്ത ഡോ. പല്‌പുവിന്റെ സേവനമഹത്വം ഭാരതത്തിലെ മറ്റേതൊരു ഭിഷഗ്വരനും മേലെയാണെന്നതിന് ഒരു ദൃഷ്ടാന്തം മാത്രം മതിയാകും. ബാംഗ്ളൂർ നഗരത്തിന്റെ തെരുവോരങ്ങളിൽ ഭക്ഷണവും വസ്‌ത്രവുമില്ലാതെ തളർന്നും വിറങ്ങലിച്ചും കിടന്നിരുന്ന ബഹുശതം യാചകരെ രാത്രികാലങ്ങളിൽ അവരറിയാതെ മേൽത്തരം പുതപ്പുകൊണ്ട് പുതപ്പിച്ചിരുന്ന ഒരു ഡോക്ടറെ കാലത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിൽ മറ്റെവിടെയാണ് കാണാനാവുക! ജീവിതത്തിൽ ഒരിക്കലും നഷ്ടത്തിന്റെയും ലാഭത്തിന്റെയും കണക്കെടുത്തിട്ടില്ലാത്ത അസാധാരണ മനുഷ്യനായിരുന്നു ഡോ. പല്‌പു. അങ്ങനെയുള്ള അദ്ദേഹത്തിന് എവിടെയായാലും ഒരു മനുഷ്യൻ പീഡനമനുഭവിക്കുന്നത് കണ്ടും കേട്ടും സഹിച്ചും നിലകൊള്ളുവാനാകുമായിരുന്നില്ല.
ഭാരതീയ ആദ്ധ്യാത്മികതയുടെ പ്രസന്നഭാവമായിരുന്ന സ്വാമി വിവേകാനന്ദനെ പരിചരിക്കുവാനും ആ മഹാമനീഷിയുടെ ഉപദേശങ്ങൾ ശ്രവിക്കുവാനും ഭാഗ്യമുണ്ടായിരുന്ന ഡോ. പല്‌പുവിന്റെ പുരോഗമനാശയങ്ങളെയും വിമോചന ചിന്തകളെയും സാമൂഹിക വീക്ഷണത്തെയും കർമ്മമാർഗത്തെയും ഏകോപിപ്പിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ചിന്നസ്വാമിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന കുമാരനാശാനെയും ഡോ. പല്‌പുവിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാനത്തിന്റെ വീഥിക്ക് വീതി കൂട്ടിയത്.
സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി പരിലസിക്കുന്ന അരുവിപ്പുറത്തെ ദാർശനിക മണ്ണിൽ നിന്ന് പിറന്നുയർന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും ദൗത്യനിർവഹണത്തിനും ആളും അർത്ഥവുമായി നിലകൊണ്ടതും ഡോ. പല്‌പുവായിരുന്നു. ആ ചുവടുകൾ എക്കാലവും ഉറച്ചതായിരുന്നു. ചരിത്രത്തിൽ ഉറച്ചുനില്‌ക്കുന്ന ആ കാല്‌പാടുകൾ ഒരു കാലത്തും മാഞ്ഞുപോകുന്നതോ മറച്ചുവയ്ക്കാൻ കഴിയുന്നതോ അല്ല. പക്ഷേ ആ കാല്‌പാടുകൾ കാണണമെങ്കിൽ സത്യസന്ധമായി മനസും കണ്ണും തുറന്നുവയ്ക്കണം. എന്നാൽ മനസിൽ തട്ടാതെ കണ്ണുകൾ മാത്രം തുറന്നിരിക്കുന്ന ഒരു സമൂഹത്തിൽ ആ കാല്‌പാടുകൾ വേണ്ടവിധം ദൃശ്യമായിത്തീരുകയില്ല.
ധാർമ്മിക മൂല്യങ്ങളിൽ യാതൊരു വിട്ടുവീഴ്‌ചയും അനുവദിക്കാത്ത ഡോ. പല്‌പുവിന്റെ പ്രകൃതം സാമൂഹ്യ സേവനത്തിനിറങ്ങുന്നവർക്ക് എക്കാലവും ഒരു മഹാമാതൃകയാണ്. അവസര സമത്വമുള്ള ആധുനിക സമൂഹത്തെ ഹൃദയാകാശത്തിൽ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം എന്നും സാമൂഹ്യരംഗത്ത് നിലകൊണ്ടത്. എന്നാൽ സാമൂഹ്യ പരിഷ്കർത്താക്കളെയും നവോത്ഥാന നായകരെയും അനുസ്‌മരിക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്കു കാണിക്കാത്ത കേരളത്തിൽ ഡോ. പല്‌പുവിന്റെ സ്‌മരണയും സമഭാവനയും മങ്ങിപ്പോകുന്നത് ഒരു പ്രകാരത്തിലും നീതീകരിക്കാവുന്നതല്ല. അത്രമേൽ ആദർശശുദ്ധിയും കർമ്മശുദ്ധിയുമുള്ള ഒരു മനുഷ്യസ്നേഹിയെ അനുസ്മരിക്കാതെ പോകുന്നത് അവസര സമത്വത്തിനായി നിരന്തരം പ്രവർത്തിച്ച ഡോ. പല്‌പുവിനെ സൗകര്യപൂർവം മറന്നുപോകുന്നതുകൊണ്ടാണ്.
ഏതായാലും, കേരള ചരിത്രത്തിൽ മറയ്ക്കപ്പെടാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം മരണത്തിലേക്കു മടങ്ങിയത്. ഗുരുദേവ ദർശനത്തിന്റെ സാമൂഹിക തലത്തെ ഇത്രമാത്രം ഉൾക്കൊള്ളുകയും ഇത്രകണ്ട് വ്യാപരിപ്പിക്കുകയും സാമൂഹ്യ സാഹചര്യങ്ങളെ ഇത്രയും പരിവർത്തനപ്പെടുത്തുകയും ചെയ്ത ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനും അവിസ്മരണീയനുമാണ് അദ്ദേഹം. അതുകൊണ്ടാണ് ചരിത്രത്തിന്റെ താളുകളിൽ നിന്ന് എത്ര തമസ്‌കരിക്കാൻ നോക്കിയാലും ഡോ. പല്‌പു എന്ന മഹാവ്യക്തിത്വം ഇന്നും സമൂഹമനസിൽ ശോഭിതമായി നിലകൊള്ളുന്നത്.
(ഡോ. പല്‌പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)