
വെഞ്ഞാറമൂട്: ദേശീയ, സംസ്ഥാന നീന്തൽ മത്സരങ്ങളിൽ പ്രതിഭകളെ വാർത്തെടുത്ത ആലന്തറ നീന്തൽക്കുളം പായൽ മൂടി നശിക്കുന്നു.നീന്തൽക്കുളത്തിന്റെ നവീകരണം ത്വരിതപ്പെടുത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.നീന്തൽക്കുളം നവീകരിക്കുന്നതിന്റെ ഭാഗമായി നെല്ലനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വശങ്ങൾ കെട്ടി സുരക്ഷിതമാക്കിയിരുന്നു.എന്നാൽ കുളം പൂർണ രൂപത്തിൽ നവീകരിക്കുന്നതിനുള്ള തുക ഉപയോഗിക്കുന്നതിന് പഞ്ചായത്തിന് പരിമിതികളുണ്ടായിരുന്നതിനാൽ ബാക്കി പ്രവർത്തനങ്ങൾ നടന്നില്ല.പിന്നീട് ഡി.കെ.മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ബഡ്ജറ്റിൽ കുളത്തിന്റെ നവീകരണത്തിനായി 1 കോടി രൂപ അനുവദിച്ച് കരാർ നടപടികൾ പൂർത്തിയാക്കിയിരുന്നു.തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മുടങ്ങി.കാലാവസ്ഥ പ്രതികൂലമായതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമെന്ന ആരോപണവുമുണ്ട്.
പരിശീലനം നിറുത്തിയവരും
നീന്തൽ പരിശീലനത്തിന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആലന്തറ നീന്തൽക്കുളത്തെ ആശ്രയിച്ചിരുന്നത്. ഇപ്പോൾ പരിശീലനത്തിനായി വിദ്യാർത്ഥികൾ പിരപ്പൻകോട്, വെമ്പായം നീന്തൽക്കുളങ്ങളിലാണ് പോകുന്നത്. രാവിലെയും വൈകിട്ടുമായാണ് പരിശീലനം.സ്കൂൾ സമയം കൂടി കണക്കിലെടുത്താൽ നിലവിൽ വൈകിട്ട് മാത്രമാണ് വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് പോകാനാവുന്നത്. യാത്രാ ബുദ്ധിമുട്ടായതിനാൽ പരിശീലനം നിറുത്തിയ വിദ്യാർത്ഥികളുമുണ്ട്.
അധികൃതർ ഇടപെടണം
ആലന്തറ നീന്തൽക്കുളം നവീകരിച്ച് പരിശീലനത്തിനായുള്ള സാഹചര്യമൊരുക്കിയാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നടത്താൻ കഴിയും.അധികൃതർ ഇടപെട്ട് എത്രയും വേഗം കുളം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.