
ചിറയിൻകീഴ്: മുതലപ്പൊഴിയിലെത്തുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യമില്ലാതെ വലയുമ്പോഴും നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും കാത്തുകിടക്കുകയാണ് മുതലപ്പൊഴി ബീച്ച് വികസന പദ്ധതി. സംസ്ഥാന ടൂറിസം വകുപ്പ് 3 കോടി രൂപയുടെ പദ്ധതിയാണ് അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി, കുട്ടികൾക്കുള്ള കളിസ്ഥലം, കഫറ്റീരിയ, ഓപ്പൻ ഓഡിറ്റോറിയം, ടിക്കറ്റ് കൗണ്ടർ, ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയവയുടെ നിർമ്മാണവും പൂർത്തിയാക്കി.
2020 ൽ കടകംപള്ളി സുരേന്ദ്രൻ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ തറക്കല്ലിട്ട പദ്ധതി4 വർഷം കഴിഞ്ഞിട്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടില്ല. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ ബികോൺസ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമ്മാണ പൂർത്തിയാക്കിയെന്ന കത്തുകൾ കമ്പനി ബന്ധപ്പെട്ട വകുപ്പിന് നൽകിയെന്നാണ് വിവരം.
പരിഹാരം ഉടൻ
അടിസ്ഥാന സൗകര്യങ്ങളില്ലാതെ സഞ്ചാരികൾ വലയുമ്പോഴും നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുകയാണ്. കുടിവെള്ള സൗകര്യം ഒരുക്കാത്തതും പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ ലഭിക്കാത്തതുമാണ് ഉദ്ഘാടനത്തിന് തടസമായി ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹാർബർ വകുപ്പ് അധികൃതർ അറിയിച്ചു.
ലക്ഷ്യം വികസനം
അഞ്ചുതെങ്ങ് - പെരുമാതുറ തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് 2015ൽ പദ്ധതി നടപ്പിലാക്കിയത്. അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് പാറ കൊണ്ടുപോകാൻ വാർഫ് നിർമ്മിക്കാൻ ടൂറിസത്തിനായി കണ്ടെത്തിയ സ്ഥലം വിട്ടുനൽകിരുന്നു. ഇതോടെ സമീപത്തായി മറ്റൊരു സ്ഥലം കണ്ടെത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.