തിരുവനന്തപുരം : ആറുവയസുകാരിയെ പീഡിപ്പിച്ച 68 കാരന് ഇരട്ട ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു.തിരുവനന്തപുരം സ്വദേശി വിക്രമനാണ് കോടതി വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക ഒടുക്കിയാൽ കുട്ടിക്ക് നൽകണം.ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കണമെന്നാണ് ഉത്തരവ്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖയാണ് പ്രതിയെ ശിക്ഷിച്ചത്.കുട്ടിയുടെ ഒൻപത് വയസുളള ചേച്ചിയുടെ മുന്നിൽ വച്ചാണ് പലപ്പോഴും കുട്ടിയെ പീഡിപ്പിച്ചിരുന്നത്. അച്ഛനും അമ്മയും ഉപേക്ഷിച്ച രണ്ട് പെൺകുട്ടികളും അമ്മൂമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മൂമ്മയുടെ കാമുകനാണ് പ്രതി. 2020-2021 -ലായിരുന്നു പീഡനം. അമ്മൂമ്മ വീട്ടിൽ ഇല്ലാതിരിക്കുന്ന സമയത്താണ് കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചത്. മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൊലീസ് വേറെ കേസ് എടുത്തിരുന്നു. ഈ കേസിൽ ഇതേ കോടതി നവംബർ അഞ്ചിന് വിധി പറയും. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. അയൽവാസി സംഭവം കാണാൻ ഇടയായതാണ് പീഡനവിവരം പുറത്തറിയാൻ കാരണം. കുട്ടികളുടെ മുന്നിൽവച്ചുതന്നെ പ്രതി മനപ്പൂർവ്വം അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് ഗുരുതര തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.