തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് മാനദണ്ഡം വേണ്ടെന്ന സാഹചര്യം ഏറെ അപകടകരമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.പട്ടം ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരിക പഠനകേന്ദ്രത്തിൽ നടന്ന സാംസ്‌കാരികസമ്മേളനത്തിൽ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ 2023ലെ മുണ്ടശ്ശേരി സ്മാരക പുരസ്‌കാരങ്ങൾ നൽകുകയായിരുന്നു അദ്ദേഹം. കലാസാഹിത്യ സാംസ്‌കാരികരംഗത്തെ സമഗ്രസംഭാവനയ്ക്ക് 50,001 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം അദ്ധ്യാപകനും നാടകസാഹിത്യകാരനും ഭാഷാപണ്ഡിതനുമായ വട്ടപ്പറമ്പിൽ പീതാംബരൻ ഏറ്റുവാങ്ങി.വൈജ്ഞാനിക സാഹിത്യരചനയ്ക്ക് യുവഎഴുത്തുകാർക്കുള്ള പുരസ്കാരമായ 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും 'മഞ്ഞുരുകുമ്പോൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് യു.ആതിരയ്ക്ക് മന്ത്രി നൽകി.
ഫൗണ്ടേഷൻ വൈസ് ചെയർമാൻ എസ്.രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു.ജെസി നാരായണൻ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി.ഫൗണ്ടേഷൻ ഗവേണിംഗ് ബോർഡ് അംഗങ്ങളായ പി.സോമൻ,പി.എൻ.സരസമ്മ,സാഹിത്യ അക്കാഡമി നിർവാഹക സമിതിയംഗം വി.എസ്.ബിന്ദു,പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ്.രാഹുൽ എന്നിവർ സംസാരിച്ചു.പുരസ്‌കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. മുണ്ടശ്ശേരി ഫൗണ്ടേഷൻ സെക്രട്ടറി വി.രാധാകൃഷ്ണൻ സ്വാഗതവും വിതുര ശിവനാഥ് നന്ദിയും പറഞ്ഞു.