മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് ഒരുലക്ഷത്തിലേറെ രൂപ
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്ക് വീടുകൾ നിർമ്മിക്കാൻ ശാസ്‌ത്രോത്സവ വേദിയിൽ കടകൾ നടത്തി നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾ.നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലെ എൻ.എസ്.എസ് അംഗങ്ങളാണ് ശാസ്‌ത്രോത്സവ വേദികൾക്കരികെ കടകൾ തുടങ്ങി തുക സമാഹരിച്ചത്.തട്ടുകടയും ജ്യൂസ് കടയും ഫാൻസി സ്റ്റോറും ഉൾപ്പെടെ എട്ട് സ്റ്റാളുകളാണ് അദ്ധ്യാപകരുടെ സഹായത്തോടെ സജ്ജമാക്കിയത്.മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ രൂപയാണ് സമാഹരിച്ചത്.സംസ്ഥാനത്തെ യൂണിറ്റുകൾ വഴി പണം കണ്ടെത്തി വയനാട്ടിൽ 25 വീടുകൾ നിർമ്മിച്ചു നൽകാൻ എൻ.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്.ഈ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ കട നടത്തിയത്.യൂണിറ്റിന്റെ വിഹിതമായ തുക വീട് നിർമ്മാണത്തിന് നൽകും. ബാക്കി തുക സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് ടീമംഗങ്ങൾ അറിയിച്ചു.