തിരുവനന്തപുരം: ഒളിച്ചും പാത്തും ഇടവഴികളിലും പറമ്പുകളിലും മാലിന്യം തള്ളുന്നവരുടെ ശ്രദ്ധയ്ക്ക്. അതിവിദഗ്ദ്ധമായി ചെയ്യുന്ന കുറ്റകൃത്യത്തിൽ അറിയാതെ നിങ്ങൾ ഉപേക്ഷിക്കുന്ന തെളിവ് കണ്ടെത്തി നഗരസഭ പൂട്ടിടും.സി.സി ടിവി ക്യാമറകൾ മാത്രമല്ല, കുറ്റവാളിയിലേക്ക് എത്താൻ മാലിന്യത്തിലുള്ള ബില്ലുകൾ വരെ നഗരസഭ ഉപയോഗിച്ചുതുടങ്ങി. മുട്ടട ഗ്രീൻവാലി ചെറുകോട് ലെയ്‌നിലെ ഒഴിഞ്ഞ പറമ്പിലേക്ക് കഴിഞ്ഞ ആഴ്ച മാലിന്യം വലിച്ചെറിഞ്ഞ രണ്ടംഗസംഘത്തിന് സംഭവിച്ചതിങ്ങനെ. പ്രദേശത്ത് വൈകിട്ടോടെ മാരുതി കാറിലെത്തിയ ഇവർ വാഹനം ഒതുക്കിയ ശേഷം കുറച്ചുനേരം സംസാരിച്ചു നിന്നു. ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കാറിൽ കരുതിയ മാലിന്യം അടങ്ങിയ ബോക്സ് പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇതുകണ്ട പ്രദേശവാസികളിൽ ചിലർ നഗരസഭയിൽ വിവരമറിയിച്ചു. അപ്പോഴേക്കും ഇവർ കാറെടുത്ത് കടന്നുകളഞ്ഞു. പരിശോധനയിൽ പഴയ കുപ്പികളും വീട്ടുസാധനങ്ങളുമാണ് ബോക്സിലെന്ന് കണ്ടെത്തി. അടുത്തിടെ കൈപ്പറ്റിയ കൊറിയറിന്റെ ബില്ല്, ബോക്സിൽ നിന്ന് എടുത്തുമാറ്റാത്തത് പണിയാകുമെന്ന് ഇവർ കരുതിയില്ല. ബില്ലിലൂടെ എളുപ്പത്തിൽ കുറ്റവാളികളെ കണ്ടെത്തിയ നഗരസഭ 5000 രൂപ പിഴ ഈടാക്കി. ഹരിതകർമ്മസേന വഴി കുറഞ്ഞ ചെലവിൽ മാലിന്യം ശേഖരിക്കാൻ സംവിധാനമുണ്ടെങ്കിലും പലരും ഇപ്പോഴുമിത് പ്രയോജനപ്പെടുത്തുന്നില്ല.