തിരുവനന്തപുരം:യു.എൻ ഹാബിറ്റാറ്റിന്റെ സസ്‌റ്റെയ്‌നബിൾ സിറ്റി (സുസ്ഥിര വികസന നഗരം) അംഗീകാരം നേടി തിരുവനന്തപുരം നഗരസഭ. ലോകത്തിലെ മികച്ച അഞ്ച്‌ നഗരങ്ങൾക്ക്‌ യു.എൻ ഹാബിറ്റാറ്റ്‌ നൽകുന്ന പുരസ്‌കാരത്തിനാണ്‌ ഇക്കുറി തിരുവനന്തപുരം കോർപറേഷൻ അർഹമായത്‌.ഇന്ത്യയിൽ ഇത്തരമൊരു പുരസ്‌കാരം ആദ്യമാണെന്നാണ്‌ അണിയറ പ്രവർത്തകർ പറയുന്നത്‌.

നഗരത്തിലെ ഹരിതസംരംഭങ്ങളുടെ ഭാഗമായാണ്‌ അന്താരാഷ്‌ട്ര പുരസ്‌കാരം തേടിയെത്തിയത്‌.17,000 കിലോവാട്ട്‌ സോളാർ പ്ളാന്റ്‌,2000സോളാർ തെരുവുവിളക്കുകൾ സ്ഥാപിച്ചത്,തെരുവുവിളക്കുകൾ മുഴുവൻ എൽ.ഇ.ഡിയാക്കിയത്, 115 ഇലക്‌ട്രിക്‌ ബസുകൾ വാങ്ങിയതും ഉൾപ്പെടെയുള്ള കോർപറേഷനിൽ നടന്ന പ്രകൃതി സൗഹാർദ്ദ നടപടികൾക്കാണ്‌ പുരസ്‌കാരം. ഇന്ന്‌ ഈജിപ്‌തിലെ അലക്‌സാണ്ട്രിയയിൽ നടക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രനും സ്‌മാർട്ട്‌ സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്‌ണശർമയും ചേർന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങും. ഇതിനായി ഇന്നലെത്തന്നെ മേയറും സംഘവും ഈജിപ്റ്റിലേക്ക് പുറപ്പെട്ടു.