1

ശ്രീകാര്യം: പതിന്നാലാം വയസിൽ ചെങ്കൊടി കൈയിലേന്തി ഇടത് രാഷ്ട്രീയത്തെ മാറോടു ചേർത്ത ശ്രീകാര്യം അനിൽ എന്ന ആർട്ടിസ്റ്റ് അനി ജീവശ്വാസമായ രാഷ്ട്രീയത്തിനൊപ്പം എഴുത്തും വരയും കൊണ്ടുനടന്ന നേതാവാണ്.അനിൽ ഇന്നലെ മരണമടഞ്ഞു. തിരഞ്ഞെടുപ്പുകളിലും പാർട്ടി സമ്മേളനങ്ങളിലും ആർട്ടിസ്റ്റ് അനിലിന്റെ എഴുത്തും വരകളും ഉണ്ടാകും.പത്താം പാർട്ടി കോൺഗ്രസ് മുതൽ 24 -ാം പാർട്ടി കോൺഗ്രസിലും അനിലിന്റെ കരസ്പർശം ഉണ്ടായിരുന്നു. സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റി മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഓരോ ഇലക്ഷനിലും വ്യത്യസ്ഥങ്ങളായ ചുവരെഴുത്തുകളും ചിത്രങ്ങളും അനിലിന്റെ സംഭാവനകളായിരുന്നു. ശില്പവിദ്യയിൽ കഴിവ് തെളിയിച്ച അനിൽ നിരവധി ശില്പങ്ങളും നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓണം വാരാഘോഷ ഘാേഷയാത്രയിൽ ആർട്ടിസ്റ്റ് അനിലിന്റെ ഒന്നിലധികം ഫ്ലോട്ടുകൾ പതിവായിരുന്നു.ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും കൂടുതൽ കാലം ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ചതും അനിലായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും തൊഴിലിലും പൊതുപ്രവർത്തനവും ഒരുപോലെ കൊണ്ടുപോയിരുന്നു. രാഷ്ട്രീയരംഗത്ത് പാർട്ടികൾക്കതീതമായ ഒരു സൗഹൃദം എല്ലാവരുമായും അനിൽ വച്ചുപുലർത്തിയിരുന്നു. കലാരംഗത്ത് ഉണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായി ബ്രഷ് ചലിപ്പിക്കാൻ അനിലിനായി. ഇന്നത്തെ ഓഫ് സെറ്റ് സാങ്കേതികവിദ്യകൾ വരുന്നതിനു മുമ്പ് അക്ഷരങ്ങളുടെ വിവിധ ഫോണ്ടിലുള്ള മാതൃകകളുടെ ബ്ലാേക്കുകൾ ഉണ്ടാക്കിയെടുക്കാൻ അനിലിന് പ്രത്യേക കഴിവായിരുന്നു. അക്ഷരങ്ങളുടെ സ്റ്റൈലൻ ബ്ലോക്കുകൾ നിരത്തിവച്ച് ഫോട്ടോകൾ ഒട്ടിച്ച് മനോഹരമായ പോസ്റ്ററുകൾ തയ്യാറാക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആൾക്കാർ അനിലിനെ തേടിയെത്തിയിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സൗമ്യമുഖമായ ശ്രീകാര്യം അനിലിന്റെ വിയോഗം ഇപ്പോഴും വിശ്വാസിക്കാനാകുന്നില്ല.