തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കെ.എസ്.ഇ.ബിയിലെ എൻജിനിയേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിന് അൻപത് വർഷം.വൈദ്യുതി ലൈനുകൾ പൂർണമായും ഓഫ് ചെയ്ത് സംസ്ഥാനത്തെ മുഴുവൻ ഇരുട്ടിലാക്കി,വ്യവസായശാലകളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് 1974നവംബർ ഒന്നിനായിരുന്നു സമരം നടത്തിയത്.നേതൃത്വം നൽകിയ അസിസ്റ്റന്റ് എൻജിനിയർ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർവരെയുള്ള 27പേരെ മിസ നിയമപ്രകാരം അറസ്റ്റ് ചെയ്ത് 34ദിവസം ജയിലിലടച്ചു.പക്ഷേ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ സമരത്തിനായി.ഈ ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3ന് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഹാളിൽ സമരത്തിന്റെ സുവർണജൂബിലി ആഘോഷം നടത്തും. അൻപത് വർഷം മുമ്പ് സമരത്തിലുൾപ്പെട്ട് ജയിലിൽ കിടന്ന 27പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന 10പേരെ ചടങ്ങിൽ ആദരിക്കും.സുവർണ ജൂബിലി സ്മരണിക പുറത്തിറക്കുമെന്നും ആഘോഷസമിതി കൺവീനർ എം.മുകേഷ് കുമാർ അറിയിച്ചു.