a

ചില സന്ദർഭങ്ങളിൽ നമ്മുടെ ഭരണാധികാരികൾക്ക് ഒരു ഉൾവിളിയുണ്ടാവും. അപ്പോൾ ചില വിളംബരങ്ങൾ തിലകം ചാർത്തി ഇറക്കും. പക്ഷെ അതിന്റെ ഉദ്ദേശം കൊല്ലാനോ വളർത്താനോ എന്ന് ഒരു പിടിയും കിട്ടില്ല. അത്തരത്തിൽ ഒരു സർക്കുലറാണ് കഴിഞ്ഞ ദിവസം ഭരണപരിഷ്കാര വകുപ്പ് ഇറക്കിയത്. സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ കൾച്ചറൽ ഫോറവും വകുപ്പുതല കൂട്ടായ്മയും വിലക്കിക്കൊണ്ടുള്ളതാണ് സർക്കുലർ. സർക്കാർ ഓഫീസുകൾ ചട്ടപ്പടി പ്രവർത്തിക്കണമെന്ന് ശാഠ്യമുള്ള പാരമ്പര്യവാദികൾക്ക് ഉൾപ്പുളകമുണ്ടാവുന്നതാണ് ഈ സർക്കുലർ. കാരണം ഓഫീസിലെത്തുക,​ ഹാജർ പുസ്തകത്തിൽ 'ശൂ" ചാർത്തുക,​ മേശമേലുള്ള ഫയൽ കൂമ്പാരത്തിലേക്ക് കുമ്പിട്ടിരിക്കുക,​ നിർദ്ദിഷ്ട ഇടവേളകളിൽ ചായയും കടിയും ഉച്ചഭക്ഷണവും കഴിക്കുക, വൈകിട്ട് ഓഫീസ് സമയം കഴിയുമ്പോൾ എല്ലാ ഫയലും കൃത്യമായി അടച്ച് മടക്കി ചുവപ്പുനാട കെട്ടി വച്ചിട്ടു തിരികെ പോവുക, സർവീസിൽ നിന്ന് സന്ധിവാദത്തിന്റെ അകമ്പടിയുമായി പിരിയുക. ഇതൊക്കെയായിരുന്നു ചട്ടപ്പടി സർക്കാർ സേവനത്തിന്റെ അച്ചെട്ട്. പക്ഷെ കാലവും ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയും മാറിയതോടെ സംഘടനകൾ ശക്തമാവുകയും ചെയ്തതോടെയാണ് ഈ പരമ്പരാഗത ശൈലിയൊക്കെ പടിയിറങ്ങിയത്. വിശ്രമവേളകൾ ആനന്ദകരമാക്കിക്കൊണ്ടു ജോലി ചെയ്യുമ്പോഴുള്ള അവസ്ഥ ഒന്നു വേറെതന്നെയാണ്. ജോലിയെ ബാധിക്കാതെ ഓഫീസ് അന്തരീക്ഷത്തിലെ സമ്മർദ്ദങ്ങളെ സ്വച്ചമായി മറികടക്കാൻ ജീവനക്കാരുടെ ചെറിയ കൂട്ടായ്മകളും അല്ലറ ചില്ലറ കലാപ്രവർത്തനങ്ങളുമൊക്കെ സഹായകമാവുമെന്ന് മനഃശാസ്ത്രപരമായ കണ്ടെത്തൽ കൂടി വന്നതോടെ സർക്കാർ ഓഫീസുകളിൽ അതിനൊക്കെയുള്ള അന്തരീക്ഷവുമൊരുങ്ങി. മാത്രമല്ല, സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ ശ്രീനിവാസന്റെ പ്രസിദ്ധമായ സംഭാഷണമുണ്ടല്ലോ, ഈ കാക്കി കുപ്പായത്തിനുള്ളിൽ ഒരു കവി ഹൃദയമുണ്ട്, ഒരു കാലാകാരനുണ്ട്, ഒരു ഗായകനുണ്ട്... ജീവനക്കാർക്ക് വേണ്ടി കലാമത്സരങ്ങളും കായിക മത്സരങ്ങളും വകുപ്പുതലത്തിൽ സംഘടിപ്പിക്കുന്നു, അവർക്ക് സമ്മാനങ്ങൾ നൽകുന്നു. വകുപ്പ് തലത്തിൽ കലാതിലകങ്ങളും കലാപ്രതിഭകളുമൊക്കെയാവാൻ ഉദ്യോഗസ്ഥർ പ്രായം മറന്ന് തയ്യാറെടുപ്പു നടത്തുന്നു. മൊത്തത്തിൽ ഒരു സന്തോഷകരമായ അവസ്ഥ. ഓഫീസുകളിലേക്കുള്ള പതിവ് യാത്രകളിൽ ട്രെയിനുകളിലും ബസിലുമൊക്കെ ഇരുന്ന് പരിസരം മറന്ന് പാട്ട് പ്രാക്ടീസ് ചെയ്യുന്ന ജൂനിയർ യേശുദാസുമാരും കെ.എസ്.ചിത്രമാരുമൊക്കെ കൗതുകമുള്ള കാഴ്ചകളാണ്. സ്വയം മറന്ന് ഇവർ പാട്ടിൽ ലയിക്കുമ്പോൾ, മറ്റു യാത്രക്കാർക്കുണ്ടാവുന്ന വിമ്മിട്ടം പോലും ഇവർ പരിഗണിക്കാറില്ല. കേട്ട് നിർവൃതിയടയാൻ മറ്ര് യാത്രക്കാരും നിർബ്ബന്ധിതരാവുന്നു. കലാപ്രവർത്തനങ്ങളോടുള്ള ഇത്തരം തുറന്ന സമീപനം, മാറിമാറി വരുന്ന സർക്കാരുകൾ സ്വീകരിക്കുക കൂടി ചെയ്തതോടെയാണ് സർക്കാർ ഓഫീസുകളിലെ കലാപ്രവർത്തന കൂട്ടായ്മ ശക്തിപ്പെട്ടത്. അത് പിന്നീട് കൾച്ചറൽ ഫോറങ്ങളായി പരിണമിച്ചു.

ഇങ്ങനെയൊക്കെ

ചെയ്യാമോ?

ജൂലായ് ആദ്യ വാരത്തിൽ തിരുവല്ല നഗരസഭയിൽ നാം കണ്ടത് ഈ പരിണാമത്തിന്റെ ഭാഗമാണ്. കനത്തമഴയെ തുടർന്നുള്ള ദുരന്തനിവാരണത്തിന്റെ ഭാഗമായി ജില്ലാകളക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവധിയുള്ള ഞയറാഴ്ച ദിവസം ജോലിക്കെത്തിയ ജീവനക്കാരാണ് ,​ ദേവതൂതൻ സിനിമയിലെ 'പൂവേ പൂവേ പാലപ്പൂവേ' എന്ന പാട്ടിലെ വരികൾക്കൊപ്പം ,​ മോഹൻലാലും വിനീത്കുമാറും ജയപ്രദയുമൊക്കെയായി സ്വയം സമർപ്പിച്ച് റീൽസിൽ ചുവടുവച്ചത്. സംഗതി വൈറലാവുകയും ചെയ്തു. ദോഷം പറയരുത്,​ ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമവേളയാണ് അവർ ആനന്ദകരമാക്കിയത്. സംഗതി വൈറലായെങ്കിലും ഓഫീസിനുള്ളിലെ റീൽസ് പകർത്തൽ അച്ചടക്ക ലംഘനമെന്ന് ചിലരൊക്കെ ചൂണ്ടിക്കാട്ടി രംഗത്തെത്തി. പക്ഷെ,​ അത് വലിയ അപരാധമൊന്നുമല്ലെന്ന് തൊട്ടു പിന്നാലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തന്നെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറഞ്ഞതോടെ വിവാദം കെട്ടടങ്ങി. അന്ന് മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'ദുരന്തനിവാരണപ്രവർത്തനങ്ങളുടെ സമയത്ത് അവധി ഉപേക്ഷിച്ച് ജോലിക്ക് വരാൻ തയ്യാറായത് തന്നെ അഭിനന്ദനീയമാണ്. ജീവനക്കാർ ഓഫീസ് അച്ചടക്കം ലംഘിച്ചിട്ടില്ല. ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയോ,​ പൊതുജനത്തെ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. പ്രവൃത്തി ദിവസങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. ഇവിടെ അങ്ങനെയല്ല. ജീവനക്കാരുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. നടപടി എടുക്കേണ്ടതില്ല'. തിരുവല്ല നഗരസഭ ജീവനക്കാരുടെ റീൽസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചതെങ്കിലും ആ തിരുവചനങ്ങൾ മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് പകർന്നു നൽകിയ പ്രചോദനം ചെറുതല്ല. അങ്ങനെയൊക്കെ മന്ത്രി പറഞ്ഞിട്ട് ഇപ്പൊ ഇങ്ങനെ സർക്കുലറിറക്കിയാലോ..? ഇങ്ങനെയൊക്കെ ചെയ്യാമോ സർക്കാരേ.. സർക്കുലറിനെതിരെ ഒരു സംഘടനക്കാർക്കുമൊട്ട് മിണ്ടാട്ടവുമില്ല. ജനാധിപത്യപരമല്ല സർക്കുലർ എന്ന് ചിലരൊക്കെ പിറുപിറുത്തതു മാത്രം മിച്ചം. പടിച്ചു വച്ച പാട്ടുകൾ ഇനി എവിടെ പാടുമെന്ന അങ്കലാപ്പിലാണ് ജൂനിയർ യേശുദാസുമാരും ചിത്രമാരുമൊക്കെ. എന്തിനും ഏതിനും ചാടിയിറങ്ങുന്ന സംഘടനാ പുലികൾ ഇക്കാര്യത്തിൽ ഊർജ്ജം കാട്ടാത്തതിന് പിന്നിൽ ഒരു ഗുട്ടൻസുണ്ട്.

സർക്കാർ ഭാഗത്തു നിന്ന് ഭരണപരമായ വീഴ്ചകൾ വന്നാൽ ആദ്യം രംഗത്തിറങ്ങുക, ജീവനക്കാരുടെ സംഘടനകളാണ്. സെക്രട്ടേറിയറ്റിന് ചുറ്റും അവർ മുദ്രാവാക്യം മുഴക്കി ഒന്നു പ്രദക്ഷിണം വയ്ക്കുകയെങ്കിലും ചെയ്യും. ഓഫീസ് പ്രവർത്തന സമയങ്ങളിൽ ഏതു നിമഷം വിളിച്ചാലും ആൾക്കാരുണ്ട് പ്രതിഷേധിക്കാൻ. എന്നാൽ സമീപകാലത്തായി സാംസ്കാരിക കൂട്ടായ്മ പുഷ്ടിപ്പെട്ടതോടെയും പുതിയ വാട്സ് ആപ്പ് കൂട്ടായ്മകൾ രൂപപ്പെട്ടതോടെയും പ്രതിഷേധത്തിന് വിളിച്ചാൽ പലപ്പോഴും വേണ്ടത്ര ആളെകിട്ടാത്ത സ്ഥിതിയായി. 'മല്ലികാബാണൻ തന്റെ വില്ലെടുത്തു' എന്ന യുഗ്മഗാനം പാടുമ്പോൾ വെയിലത്ത് നടന്ന് പ്രതിഷേധിക്കാൻ വിളിച്ചാൽ ആരെങ്കിലും വരുമോ. സംഘടനാ നേതാക്കൾ ഇത് ഗൗരവപൂർവം ചിന്തിച്ചു.

മാത്രമല്ല, ഒരേ വർഷം സർവീസിൽ ചേർന്നവർ, ഒരേ ട്രെയിനിൽ വരുന്നവർ, ഒരേ പ്രദേശത്തു നിന്നു വരുന്നവർ ...തുടങ്ങി പല കാരണങ്ങളുടെ പേരിലുള്ള കൂട്ടായ്മകൾ രൂപം കൊണ്ടു. സൗകര്യത്തിന് വാട്ട്സ് ആപ്പ് എന്നൊരു സംവിധാനമുണ്ടല്ലോ. ഈ കൂട്ടായ്മകളുടെ പേരിൽ ടൂറുകൾ, ഉച്ചഭക്ഷണക്കൂട്ടങ്ങൾ തുടങ്ങി പല പുതിയ ആചാരങ്ങളും തുടങ്ങി. ഇത് സംഘടനാ പ്രവർത്തനത്തെ ബാധിക്കുന്നതിന് പുറമെ , സർക്കാർ സർവീസിന്റെ സൽപേരിനും ഭാവിയിൽ ദോഷം വരുമെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു. ഈ ചിന്താധാരകൾ എത്തേണ്ട സ്ഥലത്ത് വേണ്ടവിധം എത്തിയതോടെയാണ് സർഗാത്മക കഴിവുകൾക്ക് തത്കാലം വളവും വെള്ളവും നൽകേണ്ടെന്ന മാതൃകാപരമായ തീരുമാനത്തിൽ സർക്കാരും എത്തിയത്.

ഇതുകൂടി കേൾക്കണേ

കലാവാസന പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും ഓഫീസ് കസേരകളിൽ സമയത്തിന് ആളില്ലാതെ വന്നാൽ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടത് ജനങ്ങളല്ലെ. അതിനാൽ ചെറിയൊരു നിയന്ത്രണമൊക്കെ നല്ലതിനല്ലേ.