
തിരുവനന്തപുരം: 120ലേറെ വിഷയങ്ങൾ 250ഓളം പേജുകളിലായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ എ.ഐ എൻസൈക്ലോപീഡിയ 'നിർമ്മിതബുദ്ധി' നവംബറിൽ പുറത്തിറക്കും. സാംസ്കാരികവകുപ്പിന് കീഴിലുള്ള സ്റ്റേറ്ര് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻസൈക്ലോപീഡിയ പബ്ലിക്കേഷൻ(എസ്.ഐ.ഇ.പി) പ്രസിദ്ധീകരിക്കുന്ന എൻസൈക്ലോപീഡിയയുടെ 80 ശതമാനത്തോളം പൂർത്തിയായി. നിർമ്മിതബുദ്ധിയുടെ ചരിത്രം,വിവിധ മേഖലകളിലുള്ള ഉപയോഗം,സുരക്ഷാസംവിധാനങ്ങൾ,ആശങ്കകൾ തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രങ്ങൾ വരച്ചിട്ടുള്ളത് എ.ഐ ടൂളുകൾ ഉപയോഗിച്ചാണ്. ഡീപ് ഫേക്ക്,ചാറ്റ്ബോട്ട് തുടങ്ങിയവയെക്കുറിച്ച് പുസ്തകത്തിന്റെ പദസൂചികയിൽ തിരയാം. തുടക്കത്തിൽ 1000 കോപ്പികൾ അച്ചടിച്ച് സർവവിജ്ഞാനകോശം സെയിൽസ് വിഭാഗം വിൽപ്പന നടത്തും. നിയമസഭാ പുസ്തകോത്സവത്തിലും പ്രദർശിപ്പിക്കും.
കൂട്ടായ പരിശ്രമം
ഫെബ്രുവരിയിലാണ് എൻസൈക്ലോപീഡിയയ്ക്ക് വേണ്ട തയാറെടുപ്പുകൾ ആരംഭിച്ചത്. ചില വാക്കുകൾക്ക് മലയാളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും സാങ്കേതികപദങ്ങൾ പരമാവധി ലളിതമാക്കിയിട്ടുണ്ടെന്ന് എസ്.ഐ.ഇ.പി സബ് എഡിറ്ററും 'നിർമ്മിതബുദ്ധി' എഡിറ്ററുമായ രാജേഷ്കുമാർ കേരളകൗമുദിയോട് പറഞ്ഞു. എ.ഐ വിദഗ്ദ്ധരും ഗവേഷകരുമുൾപ്പെടെ പങ്കാളികളായി. എൻസൈക്ലോപീഡിയയിൽ ക്യൂ.ആർ കോഡും നൽകും. ഇത് സ്കാൻ ചെയ്താൽ എസ്.ഐ.ഇ.പിയുടെ 'അറിവ് ' എന്ന യൂട്യൂബ് ചാനലിൽ അതിനെക്കുറിച്ചുള്ള വീഡിയോ കാണാം. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പ്രൊഫസർ ലീനാ മേരിയുടെ നേതൃത്വത്തിലുള്ള 11അംഗ അഡ്വൈസറി ബോർഡാണ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിച്ചത്.
നിർമ്മിതബുദ്ധികൊണ്ട് നല്ലതും ചീത്തയും സംഭവിക്കുന്ന കാലത്ത് എ.ഐയുടെ ധാർമ്മികവശങ്ങളെപ്പറ്റിയും സുരക്ഷിതത്വത്തെപ്പറ്റിയും വെളിച്ചം വീശാൻ എൻസൈക്ലോപീഡിയ സഹായിക്കും.
പ്രൊഫ.മ്യൂസ് മേരി ജോർജ്,എസ്.ഐ.ഇ.പി ഡയറക്ടർ