neet

കുറ്റമറ്റ സംവിധാനമെന്ന നിലയിൽ കൊണ്ടുവന്ന ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എത്രമാത്രം ക്രമക്കേടുകൾക്കു കൂടി സാദ്ധ്യതയുള്ളതാണെന്ന് ഈ വർഷത്തെ പ്രവേശന പരീക്ഷ തെളിയിച്ചു. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ ക്രമക്കേടുകൾ പുറത്തുവന്നു. മെഡിക്കൽ പ്രവേശനം ഏറെ വൈകുകയും റാങ്ക് പട്ടിക മാറിമറിയുകയും ചെയ്തു. പ്രവേശന നടപടികൾ അന്തിമമായി ഇനിയും പൂർത്തിയായിട്ടുണ്ടോ എന്നറിയില്ല. മെഡിക്കൽ പ്രവേശനം താറുമാറാക്കിയ 'നീറ്റ്" ക്രമക്കേടുകൾ ഭാവിയിൽ എങ്ങനെ പരിഹരിക്കാമെന്നതു സംബന്ധിച്ച് കേന്ദ്രം നിയോഗിച്ച ഏഴംഗ കമ്മിഷൻ കഴിഞ്ഞയാഴ്ച തങ്ങളുടെ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചു. നീറ്റ് പരീക്ഷയിൽ കാതലായ പല മാറ്റങ്ങൾക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്. അടുത്ത പ്രവേശന പരീക്ഷയിൽ,​ ഇവയിൽ സാദ്ധ്യമായ ശുപാർശകളെല്ലാം നടപ്പാക്കണമെന്നാണ് സമിതി ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതു നടന്നാൽ 'നീറ്റ്" പരീക്ഷ കൂടുതൽ സുതാര്യമാവുകയും മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന രാജ്യത്തെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വളരെ ഗുണകരമാവുകയും ചെയ്യും.

ഇരുപതു ലക്ഷത്തിലേറെ കുട്ടികൾ എഴുതുന്ന നീറ്റ് പരീക്ഷ അതിന്റെ വൈപുല്യം കൊണ്ടുതന്നെ സമാനതകളില്ലാത്തതാണ്. പരീക്ഷാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ യഥാർത്ഥമാണോ എന്ന് ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ലെന്നാണ് കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. ഇതു മറികടക്കാൻ വിമാന യാത്രക്കാർക്കു ബാധകമായ 'ഡിജി യാത്രാ സംവിധാനം" പോലുള്ള അത്യാധുനിക പരിശോധനാ മാർഗങ്ങൾ നീറ്റ് പരീക്ഷാർത്ഥികൾക്കും പ്രയോജനപ്പെടുത്തണമെന്നാണ് കമ്മിഷന്റെ പ്രധാന ശുപാർശകളിലൊന്ന്. യഥാർത്ഥ പരീക്ഷാർത്ഥി തന്നെയാണോ പരീക്ഷാ ഹാളിൽ എത്തുന്നതെന്ന് ഈ സംവിധാനം വഴി അനായാസം തിരിച്ചറിയാനാകും. പരീക്ഷയിലെ ആൾമാറാട്ടം തടയാനുമാകും. എത്ര തവണ വേണമെങ്കിലും നീറ്റ് പരീക്ഷ എഴുതാൻ നിലവിൽ അവസരം നൽകുന്നുണ്ട്. അത് ചുരുക്കണമെന്നാണ് വിദഗ്ദ്ധ കമ്മിഷന്റെ ശുപാർശ. മാത്രമല്ല,​ജെ.ഇ.ഇ.യ്ക്കെന്ന പോലെ വർഷം രണ്ടു തവണ നീറ്റ് പരീക്ഷ നടത്താനും സംവിധാനം വേണം. പരീക്ഷാ നടത്തിപ്പിലും വേണം കാര്യമായ മാറ്റങ്ങൾ.

ചോദ്യങ്ങൾ തയ്യാറാക്കാനും പരീക്ഷാ നടത്തിപ്പിനും ഈ രംഗത്തെ വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയുണ്ടാകണം. ഔട്ട്‌സോഴ്സിംഗ് പരമാവധി കുറയ്ക്കുകയും വേണം. ഇപ്പോൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് (എൻ.ടി.എ)​ പരീക്ഷാ ചുമതല. കഴിഞ്ഞ പരീക്ഷയിൽ സംഭവിച്ച പല വീഴ്ചകൾക്കും ഉത്തരവാദികൾ എൻ.ടി.എ ആണെന്നു തെളിഞ്ഞ സ്ഥിതിക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നടപടിയുണ്ടാകണം. പരീക്ഷാ സെന്ററുകൾ ഒരുക്കാനും ന്യൂനതകളില്ലാതെ പരീക്ഷ നടത്താനും ആവശ്യമായത്ര ആൾക്കാരെ നിയോഗിക്കണം. ഓൺലൈൻ പരീക്ഷാരീതി വ്യാപകമാക്കണം. അതിനു കഴിയാത്തിടങ്ങളിൽ ഹൈബ്രിഡ് മോഡൽ പരീക്ഷ പരീക്ഷിക്കാവുന്നതാണ്. ചോദ്യങ്ങൾ ഓൺലൈൻ വഴി നൽകി ഉത്തരങ്ങൾ ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്തുന്ന സംവിധാനമാണിത്. 'നീറ്റ്" ചോദ്യ പേപ്പറുകളുടെ ക്രമീകരണത്തിന് സുരക്ഷാ പ്രോട്ടോക്കാൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ കുറവാണ് കഴിഞ്ഞ നീറ്റ് പരീക്ഷയെ അപ്പാടെ തകിടം മറിച്ചത്. നീറ്റ് പരീക്ഷയ്ക്കൊപ്പം യു.ജി.സിയുടെ നെറ്റ് പരീക്ഷാഫലങ്ങളും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു.

നെറ്റ് പരീക്ഷ അനവധി വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ അവ പുനഃക്രമീകരിക്കണമെന്ന നിർദ്ദേശവും വിദഗ്ദ്ധ സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാ സെന്ററുകൾ കഴിവതും സർക്കാർ നിയന്ത്രണ സ്ഥാപനങ്ങളിൽ വച്ചു തന്നെ നടത്താൻ ശ്രമിക്കണമെന്നാണ് മറ്റൊരു ശുപാർശ. അതതു സംസ്ഥാനങ്ങളിലെ ഉന്നത നിലവാരം പുലർത്തുന്ന സർക്കാർ സ്‌കൂളുകൾക്കു പുറമെ കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവ കൂടി ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പേപ്പറും പേനയും പൂർണമായി പരീക്ഷാഹാളിന്റെ പടിക്കു പുറത്താക്കിയാൽ പല ക്രമക്കേടുകളും തടയാനാവും. ഓൺലൈൻ സംവിധാനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ഇതിനുള്ള പോംവഴി. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ഇനിയും സമർപ്പിച്ചിട്ടില്ല. രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചിട്ടുള്ളത്. നീറ്റ് ഉൾപ്പെടെയുള്ള ഉന്നത പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും നിലനിറുത്താൻ വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ മുൻവിധികളില്ലാതെ നടപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.