hi

വാമനപുരം: അഞ്ച് ജില്ലകളെ പിന്തള്ളി വാമനപുരം എക്സൈസ് റേഞ്ച് ഓഫീസ് വെൺമ പുരസ്കാരം സ്വന്തമാക്കി. മുൻ എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാറും, ഇപ്പോഴത്തെ ഇൻസ്പെക്ടർ അരുണും ചേർന്നാണ് എക്സൈസ് കമ്മിഷണറുടെ കമ്മിഷണേഴ്‌സ് ട്രോഫിയും വെൺമ പുരസ്കാരവും ഏറ്റു വാങ്ങിയത്. മികച്ച ഓഫീസ് പ്രവർത്തനം, പരിസര ശുചീകരണം, എൻഫോഴ്സ്മെന്റ് പ്രവർത്തനം, അന്വേഷണത്തിലെ മികവ്,കോടതി നടപടികൾ കൈകാര്യം ചെയ്യൽ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം. നിയമ പാലനത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങളും ജനകീയ പ്രവർത്തനങ്ങളും വിലയിരുത്തി. ജില്ലയിലെ തന്നെ ഏറ്റവും വലിയ എക്സൈസ് റേഞ്ച് ഓഫീസുകളിൽ ഒന്നാണ് വാമനപുരത്തേത്.

 സഹായവും...

മാണിക്കൽ, പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്, പെരിങ്ങമല, പനവൂർ,നന്ദിയോട് എന്നീ ഒൻപതു ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന 146 വാർഡുകളാണ് വാമനപുരം റേഞ്ചിനുള്ളത്. അബ്കാരി, നാർക്കോട്ടിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നത് കൂടാതെ ഫോറസ്റ്റുമായും പൊലീസുമായും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും വാമനപുരം റേഞ്ച് ഓഫീസിന്റെ സഹായവും വളരെ വലുതായിരുന്നു. കള്ളനോട്ട് കേസ്, നാലരക്കോടി രൂപയുടെ ആംബർ ഗ്രീസ് പിടികൂടിയത് എന്നിവ അവയിൽ ചിലത്.

 താങ്ങായി തണലായി...

ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവനക്കാർ സജീവമാണ്. ലോക്ക് ഡൗൺ കാലയളവിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി, അബ്കാരി കേസിൽ അറസ്റ്റ് ചെയ്ത ഭരതന്നൂർ പേഴുംമൂട് സ്വദേശിയുടെ വീട്ടിലെ ദയനീയ അവസ്ഥ കണ്ട് ധനസഹായം നൽകി, ഓണക്കാലത്ത് ഇലവ്പാലത്ത് വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കുടുംബത്തിലെ ദയനീയവസ്ഥകണ്ട് ഓണത്തിനുള്ള എല്ലാ സാധനങ്ങളും വാങ്ങി നൽകി. ഇരു കാലുകളും നഷ്ടപ്പെട്ട വെമ്പ് സ്വദേശിക്ക് വീൽചെയർ വാങ്ങി നൽകി, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.