
മെറ്റൽ പാകി ടാറിംഗ് ഒഴിവാക്കിയതിൽ പ്രതിഷേധം
ബാലരാമപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ പള്ളിച്ചൽ പഞ്ചായത്തിലുൾപ്പെട്ട മുടവൂർപ്പാറ-മുക്കമ്പാലമൂട്-നരുവാമൂട് റോഡ് നവീകരണം പാതിവഴിയിൽ നിറുത്തിയതിൽ പ്രതിഷേധം ശക്തം. മെറ്റൽ പാകിയതിനു പിന്നാലെ രണ്ടാഴ്ചയായി ടാറിംഗ് നിറുത്തിവച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇക്കാരണത്താൽ താന്നിവിളയിൽ റെയിൽവേ തുരങ്കത്തിന് സമീപം 30 മീറ്ററോളം ഭാഗം ടാറിംഗ് തടസപ്പെട്ടിരിക്കുകയാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പാക്കുന്ന 117.34 കോടി രൂപയുടെ പദ്ധതിയിൽ മുടവൂർപ്പാറ-നരുവാമൂട് റോഡിനെയും ഉൾപ്പെടുത്തിയിരുന്നു. ഇതിനായി 8.67 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് നിർമ്മാണജോലികൾ പുരോഗമിക്കുന്നത്. താന്നിവിള റെയിൽവേ ടണലിന് സമീപം റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയും പ്രതിഷേധവും ശക്തമായതോടെയാണ് നിർമ്മാണജോലികൾ ആരംഭിച്ചത്. മുടവൂർപ്പാറ മുതൽ കുഴിവിള എൽ.പി സ്കൂളിന് മുൻവശം വരെ ദിവസങ്ങൾക്ക് മുമ്പ് ടാറിംഗ് പൂർത്തീകരിച്ചിരുന്നു. തുടർന്ന് സ്കൂളിന് മുൻവശം മുതൽ മുപ്പത് മീറ്ററോളം ഭാഗം മെറ്റൽ നിരത്തിയെങ്കിലും ടാറിംഗ് പൂർത്തീകരിച്ചിട്ടില്ല. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ കഷണം വഴിയാത്രക്കാരുടെ ദേഹത്ത് തെറിച്ച് നിസാര പരിക്കുകളും ഉണ്ടാവാറുണ്ട്. കരാറുകാരൻ രംഗത്ത് വരാത്തതിനാൽ കഴിഞ്ഞ കുറേ ദിവസമായി നാട്ടുകാർ പഞ്ചായത്ത് അധികാരികളേയും ജനപ്രതിനിധികളെയും വിളിച്ച് പരാതി ബോധിപ്പിക്കുന്നു.
ഗതാഗത തടസവും
രാത്രികാലങ്ങളിൽ ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. നിരവധി സ്കൂൾ വാഹനങ്ങളും നിത്യേന ഇതുവഴി കടന്നുപോവുന്നു. ബാലരാമപുരം റെയിൽവേ ഗേറ്റ് അടിക്കടി അടയ്ക്കുന്നതുമൂലം നിരവധി വാഹനങ്ങൾ ബൈറോഡായ മുക്കമ്പാലമൂട് - മുടവൂർപ്പാറ ദേശീയപാതയിലൂടെയാണ് കടന്നുപോകുന്നത്. നിർമ്മാണത്തിനുള്ള മെറ്റൽ സാമഗ്രികൾ മുക്കമ്പാലമൂടിന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഗതാഗതതടസവും പതിവാണ്. റോഡിന് താരതമ്യേന വീതികുറവായതിനാൽ ഒരേ സമയം എതിർദിശയിൽ നിന്നും വാഹനങ്ങൾ എത്തിയാലും ഗതാഗതം തടസപ്പെടുന്നു. എം.എൽ.എ ഇടപെട്ട് റോഡിന്റെ പുനഃരുദ്ധാരണ ജോലികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
മഴയും ടാർ ക്ഷാമവും
കഴിഞ്ഞ മാർച്ചിൽ റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നെങ്കിലും അടിക്കടിയുണ്ടായ മഴയും ടാർ ക്ഷാമവും മൂലം മാസങ്ങളോളം നിർമ്മാണം തടസപ്പെട്ടു. റോഡ് ശോച്യാവസ്ഥയിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകളും നിറുത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പിന്നീട് സർവീസ് പുനഃസ്ഥാപിച്ചത്. തുലാവർഷം ശക്തിയാർജ്ജിക്കുന്നതിന് മുൻപായി ടാറിംഗ് പണി ഉടൻ പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.