തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, മുൻ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ അനുസ്മരണത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചന നടത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,എം.എം ഹസൻ,കെ.മുരളീധരൻ,വി.എം സുധീരൻ, കെ.പി.സി.സി ഭാരവാഹികളായ എൻ.ശക്തൻ,ജി.എസ്.ബാബു നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,മുൻമന്ത്രി പന്തളം സുധാകരൻ,മോഹൻ കുമാർ, കൊറ്റാമം വിമൽകുമാർ,വിതുര ശശി, കമ്പറ നാരായണൻ,വി.എസ്. ഹരീന്ദ്രനാഥ്,ആറ്റിപ്ര അനിൽ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളായ എസ്.നന്മ,മിന്ന രജ്ഞിത്ത്, സൽമ നസ്റിന് എന്നിവർ ഇന്ദിരാഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും ജീവചരിത്ര പാരായണം നടത്തി.
പുതുതായി രൂപീകരിച്ച വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും വിപുലമായ പരിപാടികളോടെ ആചരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കണ്ണൂർ ഡി.സി.സിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. കോൺഗ്രസിന്റെ സുപ്രധാന ദിനങ്ങളും ദേശീയ നേതാക്കളുടെയും അനുസ്മരിക്കുന്ന 'ദി ഐഡിയ ഒഫ് ഇന്ത്യ'(ഇന്ത്യയെന്ന ആശയം) ക്യാമ്പയിനും തുടക്കമായി.