
തിരുവനന്തപുരം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. സി.ആർ പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മലയാളഭാഷയ്ക്കു നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരെ സംസ്ഥാന സർക്കാർ ചടങ്ങിൽ ആദരിക്കും. സമകാലിക ജനപഥം ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാപുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.
ആദിവാസി മേഖലയ്ക്കായി
ആക്ഷൻ പ്ലാൻ : മന്ത്രി വീണ
തിരുവനന്തപുരം: ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യം,പട്ടികവർഗം, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാൻ സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി.) തയ്യാറാക്കും. ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിന് സർക്കാർ സമഗ്ര ആരോഗ്യ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാർ ആശുപത്രികൾ യാഥാർത്ഥ്യമാക്കി. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയാക്കി. അട്ടപ്പാടിക്കായി സ്പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ തയ്യാറാക്കി. പെൻട്രിക കൂട്ട എന്ന പേരിൽ സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കി. ആദിവാസി മേഖലയിലെ ആശുപത്രികളുടെ വികസനത്തിന് 11.78 കോടി അനുവദിച്ചു. സിക്കിൾസെൽ രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക പ്രാധാന്യം നൽകി. പീരുമേട് ആശുപത്രിയിൽ ലേബർ റൂം സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു.