
നെടുമങ്ങാട്: നഗരസഭയിലും ചുറ്റുവട്ടത്തെ ഗ്രാമപഞ്ചായത്തുകളിലും അനധികൃത അറവുശാലകൾ പെരുകുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കശാപ്പുശാലകളിൽ കന്നുകാലികൾ നേരിടുന്നത് ക്രൂരപീഡനമാണ്. പേരിനു പോലും പരിശോധനകൾ ഇല്ലാതെ, വൃത്തിഹീനമായ സാഹചര്യത്തിൽ അറുത്തെടുക്കുന്ന ഇറച്ചിയാണ് പ്രധാന ഹോട്ടലുകളിൽ പോലും വിളമ്പുന്നത്.
തെങ്കാശി,പൊന്മുടി,ആര്യനാട് റോഡുകളുടെ ഓരങ്ങളിൽ ടാർപ്പോളിൻ മൂടിയ താത്കാലിക അറവുശാലകൾ നിരവധിയാണ്. അറുത്തെടുത്ത മാംസവും തലയും വഴിയാത്രികർ കാണുന്ന വിധം കെട്ടിത്തൂക്കിയാണ് പ്രദർശിപ്പിക്കുന്നത്. അറവുശാലകളിൽ നിന്ന് ചോരയും അവശിഷ്ടങ്ങളും ഒഴുക്കിവിടുന്നത് തൊട്ടുപിറകിലുള്ള കിള്ളിയാറിലേക്കും കരമനയാറിലേക്കുമാണ്. ദുർഗന്ധം യാത്രക്കാർക്കും പരിസരവാസികൾക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. തിരക്കേറിയ കൊല്ലങ്കാവിൽ അനധികൃത കശാപ്പ് സ്ഥലത്ത് തെരുവ് നായ്ക്കൾ തമ്പടിക്കുന്നതിനാൽ ടൂവീലർ യാത്രക്കാർ അപകടത്തിലാകുന്നുമുണ്ട്.
കശാപ്പോ,ക്രൂരവിനോദമോ !
വെളുപ്പിന് പൊതുജനങ്ങൾ ഇറങ്ങുന്നതിന് മുൻപ് റോഡ് സൈഡിലെ വൃത്തിഹീനമായ തറയിലിട്ടാണ് കശാപ്പ്. മാടുകളെ നിരവധിപേർ ചേർന്ന് കയർ ചുറ്റിവരിഞ്ഞ് നിറുത്തിയ ശേഷം കഴുത്തറുക്കും. മരണവെപ്രാളത്തിൽ പാതിജീവനുമായി പരക്കംപായുന്ന മാടുകളെ തലയ്ക്കടിച്ചു വീഴ്ത്തിയ സംഭവങ്ങളും പ്രദേശത്തുണ്ടായിട്ടുണ്ട്. കശാപ്പ് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളോ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശമോ ഹെൽത്ത് ഓഫീസറുടെ പരിശോധനയോ ദൂരപരിധിയോ ഒന്നും ഇവിടെ മാനദണ്ഡമല്ല. എവിടെ നിന്നാണ് മാടുകളെ എത്തിക്കുന്നതെന്നോ, എന്തെങ്കിലും രോഗമുണ്ടോ എന്നറിയാനുള്ള യാതൊരു പരിശോധനകളും നടക്കുന്നില്ല. മാടുകളിൽ മെഡിക്കൽ പരിശോധന കൂടാതെയാണ് തട്ടിക്കൂട്ട് അറവുശാലകളിലേക്ക് എത്തിക്കുന്നത്.
മാനദണ്ഡങ്ങൾ ഈ വിധം
അറവുശാലകൾക്കും മാംസ വിപണന കേന്ദ്രങ്ങൾക്കുമായുള്ള 1996ലെ പ്രത്യേക നിയമപ്രകാരം അറവ് കേന്ദ്രങ്ങൾ പബ്ലിക് റോഡിൽ നിന്ന് 30 മീറ്റർ അകലത്തിൽ ആയിരിക്കണം. ആൾതാമസമുള്ള വീടുകളിൽ നിന്ന് 90മീറ്റർ അകലത്തിലുമാവണം. എന്നാൽ,നെടുമങ്ങാട് മേഖലയിൽ സ്വകാര്യ അറവുശാലകൾ മാത്രമല്ല, വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള അറവുശാലകൾ പോലും പ്രവർത്തിക്കുന്നത് മാദണ്ഡങ്ങൾ പാലിക്കാതെയാണ്.