തിരുവനന്തപുരം: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിലൂടെ ഐ.ടി എൻജിനിയറുടെ 6 കോടി നഷ്ടപ്പെട്ട കേസിൽ 10ലക്ഷം രൂപ പൊലീസ് മരവിപ്പിച്ചു. കേരള പൊലീസ് നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവിധ അക്കൗണ്ടുകളിലായുണ്ടായിരുന്ന പത്ത് ലക്ഷം രൂപ മരവിപ്പിച്ചത്. ഈ പണം തിരികെ പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം തട്ടിപ്പിനുപയോഗിച്ച അക്കൗണ്ടുകളിൽ കൂടുതൽ പണമില്ലാത്തതിനാൽ ബാക്കി തുക തിരിച്ചു കിട്ടാൻ സാദ്ധ്യതയില്ല. നിക്ഷേപിച്ച തുകകൾ നിരവധി അക്കൗണ്ടുകൾ വഴി മറിഞ്ഞ് ക്രിപ്‌റ്റോ കറൻസികളായി മാറിക്കഴിഞ്ഞു. തട്ടിപ്പിന്റെ വിവരങ്ങൾ തേടി സൈബർ പൊലീസ് വിവിധ ബാങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹോങ്കോംഗ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഒരു മാസത്തിനിടെയാണ് പട്ടം സ്വദേശിയായ 63കാരനിൽ നിന്ന് ആറ് കോടി രൂപ തട്ടിയെടുത്തത്. വിദേശത്ത് നിന്ന് തിരിച്ചെത്തി മൂന്ന് വർഷമായി ഇദ്ദേഹം സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് നടത്തുകയായിരുന്നു. ഓഹരി വിപണിയിലെ ഇടനിലക്കാരായ സെറോദ, വിജയ് ബജാജ് കോൺടെസ്റ്റ് എന്നിവയുടെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് പണം തട്ടിയത്. വൻതുകകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചതോടെ ഒരുമാസത്തിനിടെ പലതവണയായി പണമയച്ചു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലാഭത്തിന്റെ 20 ശതമാനം വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് സൈബർ പൊലീസിൽ പരാതി നൽകിയത്.