
തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരുടെ സാമ്പത്തിക-വൈദഗ്ധ്യ ഉന്നതിക്കായി ഐ.ഐ.എം കോഴിക്കോടിന്റെ പിന്തുണ. ഇതിനായി കുടുംബശ്രീയും ഐ.ഐ.എമ്മുമായി ധാരണാപത്രം ഒപ്പിട്ടു. മൂന്ന് വർഷത്തേക്കാണ് പിന്തുണ കാലാവധി. ഐ.ഐ.എം സംരംഭങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഇൻക്യൂബേറ്ററാകും. 15 മുതൽ 20 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള 150 സംരംഭങ്ങൾക്കാണ് പിന്തുണ.
ഗ്രോത്ത് പ്ളാൻ, വളർച്ചയുള്ള തന്ത്രങ്ങൾ രൂപപ്പെടുത്താനും ബിസിനസ് പ്രവർത്തനങ്ങൾ നടപ്പാക്കാനുമുള്ള പ്രൊഫഷണൽ മെന്ററിംഗ്,
ധനകാര്യ വായ്പയ്ക്ക് പിന്തുണ, രജിസ്ട്രേഷൻ, സർട്ടിഫിക്കേഷനുകൾ, ലൈസൻസുകൾ എന്നിവ സുഗമമാക്കാൻ പിന്തുണ, ബിസിനസ് വളർച്ചയ്ക്കുള്ള കൈത്താങ്ങ്, സംരംഭക പരിശീലനം, പ്രവർത്തന പരിചയമുള്ള സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തവും പിന്തുണയും, ചലഞ്ച് ഫണ്ടിലൂടെ 0 ശതമാനം പലിശയ്ക്ക് സാമ്പത്തിക പിന്തുണ തുടങ്ങിയവയാണ് ഇൻക്യുബേറ്ററുടെ സേവനങ്ങൾ.
സംരംഭകർ കുടുംബശ്രീ അംഗമാകണം
 സംരംഭകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ അയൽക്കൂട്ട കുടുംബാംഗമോ ആയിരിക്കണം.
 66 ശതമാനം സംരംഭങ്ങൾ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ, സ്ത്രീകൾ നയിക്കുന്നതോ ആകണം
അർഹരല്ലാത്തവർ
 കൃഷി, മൃഗസംരക്ഷണം അനുബന്ധ മേഖലകൾ
 ട്രേഡിംഗ് \ റീട്ടെയിൽ സംരംഭങ്ങൾ
 മിനിമം ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സംരംഭങ്ങൾ