
പാറശാല: സ്വന്തം വസ്തുവിൽ അതിക്രമിച്ച് കയറി മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ മദ്യപാനികൾ വീട്ടിലെത്തി മർദ്ധിച്ചു. കരമന സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്ലാമൂട്ടുക്കട പോരന്നൂർ അനൂപ് ഭവനിൽ സുരേഷ് കുമാറി (53)നെയാണ് പ്ലാമൂട്ടുക്കട സ്വദേശികളായ നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ സുരേഷ് കുമാർ നടക്കാനിറങ്ങവേയാണ് പുരയിടത്തിലിരുന്ന് ചിലർ മദ്യപിക്കുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്ത സുരേഷ്കുമാറിനെ സംഘാംഗങ്ങൾ ചേർന്ന് ഓടിക്കുകയും വീടിന് മുന്നിലെത്തവെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സുരേഷ് കുമാർ പരാതി നൽകിയതിനെ തുടർന്ന് പ്രതികളിൽ 3 പേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാമൂട്ടുക്കട നല്ലൂർവട്ടം ക്രിസ്തുനിവാസിൽ സിറിൽ(35),പോരന്നൂർ കാർത്തികയിൽ അബിൻ(24), പോരന്നൂർ നീരാഴിവിളയിൽ ജിനേഷ് കുമാർ (33) എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള നാലാമത്തെ പ്രതി വിമലിനായുള്ള തെരച്ചിൽ തുടരുകയാണ്.