1

കുളത്തൂർ : ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ രാജ്യത്തിന് അഭിമാനമായി കുളത്തൂർ സ്വദേശി ആർഷ. ഇലക്ട്രോണിക്സ് മെക്കാനിക്കിൽ ഓൾ ഇന്ത്യ തലത്തിൽ ഒന്നാമതെത്തിയ ആർഷയെ പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഇന്ത്യാൻ പാർലമെന്റ് മന്ദിരത്തിലെ കൗശൽഭവനിൽ കേന്ദ്രമന്ത്രി ജയന്ത് ചൗധരിയാണ് ഉപഹാരം നൽകിയത്. കഴക്കൂട്ടം വനിത ഐ .ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് വിദ്യാർത്ഥിയായിരുന്നു ആർഷ. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം വാര്യക്കുടി വീട്ടിൽ രാജേന്ദ്രന്റെയും ഷീബാറാണിയുടെയും മകളാണ്. ചെമ്പഴന്തി എസ്.എൻ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയശേഷം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക്സ് മെക്കാനിക്കിൽ രണ്ട് വർഷ പഠനത്തിനായി ചേർന്നത്. പഠനകാലത്ത് ഏറെ മികവ് പുലർത്തിയ ആർഷ രാജ്യത്ത് ഒന്നാമതെത്തിയതിൽ ഏറെ ആഭിമാനമുണ്ടെന്ന് കഴക്കൂട്ടം വനിത ഐ.ടി.ഐയിലെ പ്രിൻസിപ്പലും അദ്ധ്യാപകരും പറഞ്ഞു. രാഷ്ട്രിയ സാംസ്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ആർഷയെ വീട്ടിലെത്തി അഭിനന്ദിച്ചു.