avanthika
ഇൗ കരുതലും തലോടലും വയനാടിനോട് കാണിക്കുമോ?.....ദുരന്തഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിൽ കഴിയുന്ന എല്ലാവരും നഷ്ടമായ അവന്തികയെ ആശ്വസിപ്പിക്കാൻ എത്തിയപ്പോൾ.(ഫയൽ ഫോട്ടോ)

കൽപ്പറ്റ: ഉരുൾ തകർത്ത പ്രദേശങ്ങളിലെ ജനങ്ങൾ ചോദിക്കുന്നു: എല്ലാം നേരിൽക്കണ്ട പ്രധാനമന്ത്രി വാക്ക് പാലിക്കുമോ? ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ മോദി കനിയുമോ? വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ ദേശങ്ങളിലെ ഉറ്റവരും ഉടയവരും നഷ്ടമായ ഒരു ജനതയാകെ അരക്ഷിതാവസ്ഥയുടെ മുനമ്പിലാണ്. ദുരന്തം നടന്നിട്ട് മാസം രണ്ട് കഴിഞ്ഞു.വയനാട് പാക്കേജുമായി ബന്ധപ്പെട്ട കേന്ദ്ര ധനസഹായം ഇതേവരെ ലഭ്യമായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വേഗം കനിഞ്ഞില്ലെങ്കിൽ ദുരിതബാധിതരുടെ പ്രതീക്ഷകൾ തകരും. ജീവിതം വഴിമുട്ടും.

വയനാട് പുനരധിവാസത്തിന് കേരളം 2,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. വയനാട്ടിൽ ദുരന്തമുഖത്ത് നിശ്ചയിച്ചതിലും അധികം സമയം ചെലവഴിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. പെട്ടെന്നൊരു സഹായം പ്രഖ്യാപിക്കുമെന്ന് ഏവരും കരുതി. അതുണ്ടായില്ല.

കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാൻ താമസിക്കുന്നത് സംസ്ഥാന സർക്കാർ നിയോഗിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനം വിശദമായ നിവേദനം നൽകിയാൽ ഫണ്ട് അനുവദിക്കാമെന്നാണ് പ്രധാനമന്ത്രി വയനാട് സന്ദർശന വേളയിൽ പറഞ്ഞിരുന്നത്. അതനുസരിച്ചാണ് മുഖ്യമന്ത്രി 1202 കോടി രൂപയുടെ പ്രാഥമിക ധനസഹായത്തിനുളള നിവേദനം നൽകിയത്. ബി.ജെ.പി ഭരണത്തിലുളള ഗുജറാത്ത്,മണിപ്പൂർ,ത്രിപുര സംസ്ഥാനങ്ങൾക്കായി യഥാക്രമം 600 കോടി, 50 കോടി, 25 കോടി എന്നിങ്ങനെ മുൻകൂറായി അനുവദിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. വയനാട് ഉരുൾപൊട്ടലിനുശേഷം പ്രകൃതി ദുരന്തങ്ങളുണ്ടായ ആന്ധ്രാപ്രദേശ്, ത്രിപുര, അസം, സിക്കിം, തെലുങ്കാന സംസ്ഥാനങ്ങൾക്കായി കേന്ദ്രസഹായം നൽകുകയും ചെയ്തു. ആന്ധ്രാപ്രദേശിനും തെലുങ്കാനയ്ക്കുമായി 3448 കോടി രൂപയും ത്രിപുരയ്ക്ക് 40 കോടി രൂപയും അസമിനും സിക്കിമിനുമായി 11000 കോടി രൂപയുമാണ് അടിയന്തരമായി അനുവദിച്ചത്. എന്നിട്ടും വയാനാടിനെ പരിഗണിച്ചില്ല. കേന്ദ്ര ധനസഹായം വൈകുന്നതോടെ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണവും പ്രതിസന്ധിയിലാകും. താത്കാലിക പുനരധിവാസം പൂർത്തിയാക്കി ക്യാമ്പുകൾ അവസാനിപ്പിച്ച കഴിഞ്ഞ 24 മുതൽ പ്രതിദിന ധനസഹായ വിതരണം സംസ്ഥാന സർക്കാർ തുടരുന്നുണ്ട്. കേന്ദ്ര സഹായം വൈകിയാൽ ഇതും തടസപ്പെടുമോ എന്നാണ് ദുരിതബാധിതരുടെ ആശങ്ക.