
കൽപ്പറ്റ: മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം മുഖ്യമന്ത്രി എഴുതിക്കൊടുത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ശുദ്ധ അസംബന്ധമാണെന്ന് വയനാട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങാതെ പി.ആർ ഏജൻസി ഇത്തരമൊരു പരാമർശം ദി ഹിന്ദു പത്രത്തിന് നൽകില്ല. 1970 മുതൽ പിണറായിക്ക് ബി.ജെ.പി ബന്ധമുണ്ട്. അവരുടെ വോട്ട് വാങ്ങി ആദ്യമായി എം.എൽ.എയായ വ്യക്തിയാണ് പിണറായി. അതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി സഹായവും പിന്തുണയും പിണറായി തേടിയിട്ടുണ്ട്. ബി.ജെ.പിയുമായി വർഷങ്ങളായി നല്ലബന്ധമുള്ള വ്യക്തിയാണ് അദ്ദേഹം. ആ ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിന് വ്യക്തിപരമായും സാമ്പത്തികമായും പല നേട്ടങ്ങളും കിട്ടിയിട്ടുണ്ട്. നാടിനേക്കാളും ജനങ്ങളേക്കാളും മുഖ്യമന്ത്രിക്ക് പ്രധാന്യം സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വമാണെന്നും സുധാകരൻ പറഞ്ഞു.
 പി.ആർ ഏജൻസിക്കെതിരെ കേസെടുക്കുമോ: സതീശൻ
മുഖ്യമന്ത്രി പറയാതെയാണ് നാട്ടിൽ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം എഴുതിക്കൊടുത്തതെങ്കിൽ പി.ആർ ഏജൻസിക്കെതിരെ കേസെടുക്കാൻ തയ്യാറാകുമോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പി.ആർ ഏജൻസി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദി ഹിന്ദു ദിനപത്രം മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് തയാറായത്. അഭിമുഖം നടക്കുമ്പോൾ ഏജൻസിയുടെ പ്രതിനിധികളും അവിടെ ഉണ്ടായിരുന്നെന്ന് പത്രം വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് പി.ആർ പ്രതിനിധികൾ പത്രത്തിന് കുറിപ്പ് നൽകിയതെന്നും അഭിമുഖത്തിൽ പറയാത്ത കാര്യം ബുദ്ധിപൂർവം എഴുതി ചേർത്താണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ദേശീയ തലത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കൽ നറേറ്റീവാണ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മാദ്ധ്യമ ഉപദേശകനും മാസം 12 ലക്ഷം മുടക്കിയുള്ള സോഷ്യൽ മീഡിയ കൂട്ടവും പി.ആർ.ഡിയും ഉള്ളപ്പോഴാണ് അഭിമുഖത്തിനായി പി.ആർ ഏജൻസിയെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.
 പി.ആർ ഏജൻസി ചെലവ് വെളിപ്പെടുത്തണം:വി.മുരളീധരൻ
എട്ടുവർഷത്തെ പി.ആർ ഏജൻസി ചെലവ് സർക്കാർ വെളിപ്പെടുത്തണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. പി. ആർ.ഡിയെയും പ്രസ് സെക്രട്ടറിയെയും ഒഴിവാക്കി ഏജൻസികളെ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും വിമർശനങ്ങളുണ്ടായതാണ്. അന്ന് നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എത്രരൂപ ഇതിന് ചെലവഴിച്ചെന്നെങ്കിലും വ്യക്തമാക്കണം.
 മുഖ്യമന്ത്രിയുടെ രാജിക്കായി നാളെ ബി.ജെ.പി മാർച്ച്
വിശ്വാസ്യത വട്ടപ്പൂജ്യമായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് ബി.ജെ.പി മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കൊള്ളമുതൽ പങ്കുവയ്ക്കുന്നതിലെ തർക്കമാണ് സി.പി.എമ്മിലേത്. കടുത്ത ആരോപണങ്ങൾ ഉയർത്തിയിട്ടും അൻവറിനെതിരെ നടപടിയെടുക്കാത്തത് പേടിയുള്ളതുകൊണ്ടാണ്. അൻവറിനെ വിളിച്ചുവരുത്തി വിഷയം പരിഹരിക്കാനാണ് മുഖ്യമന്ത്രി ആദ്യം ശ്രമിച്ചത്. അൻവർ കള്ളക്കടത്തുകാരനാണെന്നാണ് ഇപ്പോൾ പറയുന്നത്. കള്ളക്കടത്തുകാരന്റെ പരാതിയിൽ എന്തിനാണ് മലപ്പുറം എസ്.പി ഉൾപ്പെടെയുള്ളവരെ മാറ്റിയതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ പി.ആർ ആരാണെന്നും അതിനുള്ള പണം എവിടെ നിന്നാണെന്നും അറിയാൻ ജനത്തിന് അവകാശമുണ്ട്. കേരളത്തിൽ ബി.ജെ.പി അനുകൂല രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
 പെരുമഴയത്തെ കുമിള: മന്ത്രി ശിവൻകുട്ടി
മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസിയുണ്ടെന്ന ആരോപണത്തെ പെരുമഴയത്തുണ്ടാകുന്ന കുമിളയായി കണ്ടാൽ മതിയെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് പി.ആർ ഏജൻസിയുടെ ആവശ്യമില്ല. കേരള രാഷ്ട്രീയത്തിൽ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സർക്കാരോ നേതാക്കളോ പി.ആർ ഏജൻസിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപമുണ്ടായിട്ടില്ല. അൻവർ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാർട്ടിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.