കൽപ്പറ്റ:''സർക്കാർ ചേർത്തുപിടിച്ചതിൽ വളരെ സന്തോഷം.ഇതു കാണാൻ ഇച്ചായൻ ഇല്ലല്ലോ എന്ന ദു:ഖം മാത്രം. സർക്കാർ ജോലി ലഭിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. തനിക്ക് ജോലി നൽകുമെന്ന സർക്കാർ തീരുമാനം പലരും ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് അറിയുന്നത്. സർക്കാരിനോട് നന്ദിയുണ്ട്. സ്ഥിര വരുമാനമുള്ള ജോലി തനിക്ക് ലഭിക്കണമെന്നതായിരുന്നു ജെൻസന്റെ ആഗ്രഹം....''ചൂരൽമല ഉരുൾ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും ബന്ധുക്കളും പിന്നീട് നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനും നഷ്ടപ്പെട്ട ചൂരൽമലയിലെ അതിജീവിത ശ്രുതി സന്തോഷത്തോടെ പറഞ്ഞു.
രണ്ട് ദുരന്തങ്ങൾക്ക് ശേഷം തന്നോടൊപ്പം നിരവധിപേർ കൂടെയുണ്ടായിരുന്നു. ഇപ്പോൾ സർക്കാരും തന്നെ ചേർത്തുപിടിക്കുകയാണ്. ഒരുപാട് പ്രയാസപ്പെട്ടാണ് അച്ഛനും അമ്മയും തന്നെയും സഹോദരിയെയും പഠിപ്പിച്ചത്. ഇനി അവരെല്ലാം കണ്ട സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രുതി പറയുന്നു.
ചൂരൽമല സ്വദേശികളായ ശിവണ്ണൻ -സബിത ദമ്പതികളുടെ മകളാണ് ശ്രുതി.ദുരന്തത്തിൽ സബിതയും ശിവനും ശ്രുതിയുടെ അനുജത്തി ശ്രേയയും മരണപ്പെട്ടിരുന്നു. ഇതോടെ പകച്ചപോയ ശ്രുതിയുടെ സംരക്ഷണം പ്രതിശ്രുത വരൻ ജൻസൻ ഏറ്റെടുക്കുകയായിരുന്നു. ദുരന്തത്തിന് മുമ്പുതന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഈ മാസം അവസാനം ഇരുവരുടെയും വിവാഹം നടത്താനിരിക്കെ കഴിഞ്ഞമാസം പത്തിനാണ് ശ്രുതിയും ജെൻസനും ശ്രുതിയുടെ ബന്ധുക്കളും സഞ്ചരിച്ച വാൻ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ജൻസൺ മരണപ്പെടുകയും ചെയ്തു. ഇതോടെ തീർത്തും ഒറ്റപ്പെട്ട ശ്രുതിയെ സഹായിക്കാൻ നിരവധിപേർ എത്തിയിരുന്നു. കൽപ്പറ്റ മുണ്ടേരിയിലെ വാടക വീട്ടിലാണ് ശ്രുതിയും ബന്ധുക്കളും കഴിയുന്നത്.
സർക്കാർ ഉത്തരവ് അധികം വൈകാതെ ശ്രുതിക്ക് കൈമാറും.വയനാട്ടിൽ തന്നെയാകും ശ്രുതിക്ക് ജോലി നൽകുക.