t

തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ

നൽകാമെന്ന് മാനേജ്‌മെന്റ്

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതിൽ തൊഴിലാളികളുടെ എതിർപ്പ് നീങ്ങുന്നു. അവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുമെന്ന് ഇന്നലെ കൽപ്പറ്റയിൽ നടന്ന യോഗത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ ഉറപ്പുനൽകി. ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്യാനുണ്ട്. തൊഴിലാളികൾക്ക് രണ്ടു വർഷത്തെ ബോണസും ആറുമാസത്തെ ശമ്പളവും നൽകാനുണ്ട്. ഇനി വിരമിക്കുന്നവർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.

കൽപ്പറ്റ ബൈപ്പാസിന് സമീപത്തെ 78 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. പെരുന്തട്ട, പുൽപ്പാറ എന്നീ രണ്ട് ഡിവിഷനുകളിലായി 700 ഹെക്ടർ ഭൂമിയാണ് എൽസ്റ്റൺ എസ്റ്റേറ്റിനുള്ളത്. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത്. കൽപ്പറ്റയിൽ പുനരധിവസിപ്പിക്കുന്നതിനോട് തുടക്കത്തിൽ ദുരന്തബാധിതർക്ക് യോജിപ്പുണ്ടായിരുന്നില്ല. അനുയോജ്യമായ സ്ഥലമാണെന്ന് ബോധ്യമായതോടെ നിലപാട് മാറ്റിയിട്ടുണ്ട്. സ്‌കൂൾ, മദ്രസ ,ആരാധനാലയങ്ങൾ, സാംസ്‌കാരിക നിലയം തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്തടുത്ത് ലഭ്യമാണ്. വ്യാപാരസ്ഥാപനങ്ങളും നിർമ്മിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.ആയിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വീടുകളാണ് നിർമ്മിക്കുന്നത്.

നെടുമ്പാലയിലെ എച്ച്.എം.എൽ ഭൂമിയും ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അവകാശ തർക്കം സുപ്രീംകോടതിയിൽ നിലനിൽക്കുന്നതിനാൽ അത്ര എളുപ്പമാകില്ല. 300 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.