sn
ശ്രീനാരായണ ഗുരുവിന്റെ ശുചിത്വദർശനം എന്ന വിഷയത്തിൽ ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ശുചിത്വ ക്യാമ്പയിൻ ശിവഗിരി മഠത്തിലെ പ്രബോധ തീർത്ഥസ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു.

പുൽപ്പള്ളി: പുൽപ്പള്ളി ശ്രീനാരായണ ഗുരുവിന്റെ ശുചിത്വ ദർശനത്തെ ആഴത്തിൽ പഠിച്ച് അത് ജീവിതത്തിൽ ആചരിക്കുന്നത് സമൂഹത്തിന്റെയും വ്യക്തിയുടെയും പുരോഗതിക്ക് അനിവാര്യമാണെന്ന് ശിവഗിരി മഠത്തിലെ പ്രബോധതീർത്ഥ സ്വാമികൾ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ശുചിത്വദർശനം എന്ന വിഷയത്തിൽ പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂളിൽനടന്ന ശുചിത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക നവോത്ഥാന രംഗത്ത് വലിയ വിപ്ലവം വരുത്തുവാൻ വേണ്ടി ശുചിത്വത്തെ ഒരു പ്രധാന സിദ്ധാന്തമായി ശ്രീനാരായണഗുരുദേവൻ ഉപയോഗിച്ചിരുന്നു. ജാതി വിവേചനം രൂക്ഷമായിരുന്ന പഴയ കാലഘട്ടത്തിൽ കുളിച്ച് ശുദ്ധമായി നടന്നാൽ ദൂരെ മാറിപ്പോകൂ എന്നാരും പറയില്ല എന്ന ഗുരുവിന്റെ വചനം അക്കാലത്ത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ശ്രീനാരായണഗുരുദേവന്റെ നിർദ്ദേശം അനുസരിച്ച് ഗുരു ശിഷ്യനായ ശ്രീനാരായണ തീർത്ഥസ്വാമികൾ സ്ഥാപിച്ച കുളി സംഘം എന്ന സംഘടന കേരളത്തിന്റെ സാമൂഹിക നവോത്ഥാന രംഗത്ത് സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു സംഘടനയാണ്. ഗുരുവിന്റെ ശുചിത്വദർശനം സർവ്വതല സ്പർശിയാണ്. ബാഹ്യമായ ശുചിത്വം കൊണ്ട് മാത്രം ഒരുവന്റെ വ്യക്തിത്വം പൂർണ്ണമാകില്ല എന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. ശരീരം മാത്രമല്ല നമ്മുടെ മനസ്സും ശുദ്ധമായിരിക്കണം. ഇതിനുവേണ്ടി ശരീരശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നീ പഞ്ചശുദ്ധികളെ ജീവിതത്തിൽ ആചരിക്കുവാൻ ഗുരു നിർദ്ദേശിച്ചു. ശിവഗിരി തീർത്ഥാടനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ പഞ്ചശുദ്ധി ആചരിക്കണമെന്നും ഗുരു നിർദ്ദേശിച്ചു. ആധുനിക കാലഘട്ടത്തിലെ സാമൂഹിക പുരോഗതിക്ക് അടിത്തറ പാകുന്നതിൽ ഗുരുവിന്റെ ശുചിത്വ ദർശനത്തിന് വലിയ പങ്കാണുള്ളതെന്നും പ്രബോധതീർത് ഥസ്വാമികൾ പറഞ്ഞു. ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മാനേജർ കെ.ആർ ജയറാം അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ ജയരാജ്. വൈസ് പ്രിൻസിപ്പൽ പി.ആർ സുരേഷ്, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ഷിബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ്, ലീഡർമാരായ ആഗിൻ മരിയ, അഭിഷേക് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.