മാനന്തവാടി: പരസ്പരം സഹായത്തോടെയാണ് സി.പി.എമ്മും ബി.ജെ.പിയും പ്രവർത്തിക്കുന്നതെന്നും അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാൻ സഹായിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശ്ശൂർപൂരം കലക്കിയ സിപിഎംബിജെപി ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക,ആഭ്യന്തര വകുപ്പിലെ ക്രിമിനൽവത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാൻ സർക്കാർ പൊതുവിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടർച്ചയായി 20 വരെ നടത്തുന്ന 'ജനദ്രോഹ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ' എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി ഗാന്ധിപാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചു. ഇത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അന്തർധാരയുടെ ഭാഗമാണ്. തൃശൂർപൂരം കലക്കിയതിലും ഇതേ സഖ്യമാണ് പ്രവർത്തിച്ചത്. പിണറായി വിജയൻ 1970 മുതൽ തുടങ്ങിയ ആർ.എസ്.എസ് ബന്ധം ഇപ്പോഴും കൊണ്ടു നടക്കുന്നു. അതിനാലാണ് ബി.ജെ.പി സർക്കാർ പിണറായി വിജയനെ ദ്രോഹിക്കാത്തതെന്നും കെ. സുധാകരൻ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന ഒരു പാടുകേസുകളിൽ പ്രതിയാകേണ്ട വ്യക്തിയാണ് പിണറായി വിജയൻ. എന്നാൽ സി.പി.എം ബി.ജെ.പി അന്തർധാരയുടെ പുറത്ത് അതുണ്ടാകുന്നില്ല. എസ്.എൻ.സി ലാവ്ലിൻ കേസ് തന്നെ സുപ്രീം കോടതിയിൽ 44 തവണയാണ് മാറ്റിയത്. സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് പദ്ധതി സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നിരവധി കേസുകളാണ് പിണറായി വിജയനെതിരെ ബി.ജെ.പി സർക്കാരിന്റെ ഏജൻസികൾ അന്വേഷിക്കുന്നത്. ഒന്നിൽ പോലും പിണറായി വിജയനെ പ്രതിയാക്കിയില്ല. ഇതെല്ലാം സി.പി.എം- ബി.ജെ.പി അന്തർധാരയുടെ ഭാഗമാണെന്നും കെ. സുധാകരൻ പറഞ്ഞു.