സുൽത്താൻ ബത്തേരി: രൂക്ഷമായ കടുവ ശല്യത്തെതുടർന്ന് ചൂരിമലക്കുന്നിലെ ക്ഷീരകർഷകർ അവരുടെ ഏക വരുമാനമാർഗ്ഗമായ പശുക്കളെ വിറ്റഴിക്കുന്നു. നല്ല ലാഭം കിട്ടുമെന്ന പ്രതീക്ഷയിലല്ല ഇവർ വിൽപ്പന നടത്തുന്നത്. കടുവ പിടിച്ചുപോയാൽ ഒന്നും കിട്ടുകയില്ലല്ലോ എന്നോർത്തുമാത്രം. കിട്ടുന്ന വിലയ്ക്ക് വിറ്റാൽ അതെങ്കിലുമാകുമല്ലോ എന്ന ചിന്തയിലാണിവർ. 115 കർഷകരാണ് കൊളഗപ്പാറ ചൂരിമലകുന്നിൽ താമസിക്കുന്നത്. പകുതിയിലധികം കുടുംബങ്ങളും ക്ഷീരമേഖലയുമായി ബന്ധപ്പെട്ടാണ് കഴിയുന്നത്. ചുരുക്കം പേരാണ് കൂലിപണിയുമായി പുറത്ത്‌പോയി ഉപജീവനം കഴിക്കുന്നത്. എട്ട് വർഷമായി കടുവ ശല്യം ഈമേഖലയിൽ അതി രൂക്ഷമായിട്ട്. ഇതിനിടയിൽ മുപ്പത്തിയെട്ട് കന്നുകാലിൾ കടുവയ്ക്ക് ഇരയായി. ഒന്നിലധികം പശുക്കളെ ഒരേ കർഷകന് തന്നെ നഷ്ടമായിട്ടുണ്ട്. ഏറ്റവും കൂടുതൽ കന്നുകാലികളെ നഷ്ടമായത് ചെരിപുറത്ത് പറമ്പിൽ ഷേർളി കൃഷ്ണനാണ്. ഇവരുടെ ഒരുപോത്തും നാല് പശുക്കളുമാണ് കടുവക്കിരയായത്.
വാര്യമ്പത്ത്‌ ഗോവിന്ദൻ, കണ്ണാട്ടുകുടി രാജൻ, വര്യമ്പത്ത് വിനീഷ്, തങ്കച്ചൻ ഓടനാട്ട് തുടങ്ങി നിരവധി കർഷകരുടെ പശുക്കളെ ചൂരിമലയിൽ നിന്ന് കടുവ പിടികൂടി. ആദ്യം ഈ മേഖലയിൽ പുലിയുടെ ശല്യമായിരുന്നു. കടുവയുടെ വരവോടെ പുലി ശല്യം കുറഞ്ഞു . ശല്യം സഹിക്കവയ്യാതെ കൊക്കപ്പള്ളി അഭിലാഷ് എന്നയാൾ വീടും സ്ഥലവും ഉപേക്ഷിച്ച് വടകയ്ക്ക് മുറിയെടുത്ത്‌ മേഖലയിൽ നിന്ന് തന്നെ മാറിതാമസിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി താമസിക്കുന്നവരാണ് ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗംപേരും. ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്താണ് കർഷകർ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ജീവിച്ചുവരുന്നത്. ഓരോ കർഷകർക്കും വിവിധ ബാങ്കുകളിൽ ലക്ഷങ്ങളുടെ വായ്പയാണുള്ളത്. ഒരു പശുവിന് ചുരുങ്ങിയത് ഒരു ലക്ഷം രുപ വരെ വില വരും. ലിറ്ററിന് 4500 രൂപതോതിൽ കണക്കാക്കിയാണ് പശുവിനെ വാങ്ങുന്നത്. ഇത്തരത്തിൽ നിരവധി കർഷകരാണ് ബാങ്ക് വായ്പയെടുത്ത് കന്നുകലികളെ വാങ്ങിയത്. ഇവരാണ് ഇപ്പോൾ കടുവ ശല്യം കാരണം ഗത്യന്തരമില്ലാതെ കന്നുകാലികളെ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കുന്നത്.