 
മേപ്പാടി: ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമി കാണാൻ സഞ്ചാരികളുടെ പ്രവാഹം. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ശനിയും ഞായറുമായി ചൂരൽമലയിലെത്തിയത്. കളക്ടറേറ്റിൽ നിന്നും ഉൾപ്പെടെ നൽകിയ പാസുമായാണ് പലരും ദുരന്ത ഭൂമിയിലെത്തിയത്. ശനിയാഴ്ചയാണ് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത്. ഇത്രയുംപേർക്ക് എങ്ങനെയാണ് പാസ് നൽകിയത് എന്ന് വ്യക്തമല്ല. പ്രദേശവാസികളുടെ പേരിൽ വീടുകൾ സന്ദർശിക്കാനെന്ന വ്യാജേനയാണ് പലരുമെത്തിയത്.
ശനിയാഴ്ച മുന്നൂറോളംപേർ ഇത്തരത്തിൽ സന്ദർശനം നടത്തി. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ ഫോണിലൂടെ പരാതി അറിയിക്കുകയും ചെയ്തു. ഞായറാഴ്ചയും സമാനമായ കാഴ്ചയായിരുന്നു. രാവിലെ മുതൽ തന്നെ വിനോദ സഞ്ചാരികൾ കൂട്ടമായെത്തി. പാസ് കൈവശമുള്ളവരെ ആദ്യംപൊലീസ് കടത്തിവിട്ടു. എന്നാൽ നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.
നാൽപ്പതിലേറെപേരെ കണ്ടെത്താനുള്ളപ്പോൾ ദുരന്ത ഭൂമി വിനോദസഞ്ചാരകേന്ദ്രമായി മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. ഇതോടെ ആളുകളെ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ചില വ്ലോഗർമാർ ദുരന്തമേഖലയിലെത്തി യാതൊരുവിധ നിയന്ത്രണവുമില്ലെന്നും പ്രദേശത്ത് സന്ദർശനം നടത്താൻ കഴിയുമെന്നുമുള്ള തരത്തിൽ വീഡിയോ ചെയ്തിരുന്നു. തുടർന്നാണ് പലരും വിവിധ ജില്ലകളിൽ നിന്നുമെത്തിയത്. പ്രദേശത്ത് താമസിക്കുന്ന തങ്ങൾക്ക് പോലും കർശന നിയന്ത്രണമുള്ളപ്പോൾ എങ്ങിനെയാണ് എല്ലാവർക്കും പ്രവേശന അനുമതി നൽകുന്നതെന്നാണ് പ്രദേശവാസികളുടെ ചോദ്യം. ദുരന്തം വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭൂമിയിൽ ചവിട്ടി സെൽഫിയെടുക്കാൻ ഇങ്ങോട്ട് ആരും വരേണ്ടതില്ലെന്നും പ്രദേശവാസികൾ നിലപാടെടുത്തു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പൊലീസും പ്രദേശത്ത് കർശന പരിശോധന നടത്തുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. നേരത്തെ നീലി കാപ്പിൽ ബാരിക്കേഡ് തീർത്ത് പൊലീസ് വാഹനങ്ങൾ പരിശോധന നടത്തിയിരുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഇവിടെ നിന്നു തന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ പരിശോധനയില്ല. ചൂരൽമല പൊലീസ് കൺട്രോൾ റൂമിന് സമീപവും ബെയ്ലി പാലത്തിന് അടുത്തും മാത്രമേ പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുള്ളൂ. പാസുമായി എത്തുന്ന വരെ പൊലീസിന് തടയാനും കഴിയില്ല. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാ കളക്ടർ, ജില്ലാപൊലീസ്‌മേധാവി എന്നിവർക്ക് പരാതി നൽകി.