kayyamam
കൈയ്യാമ്മം ഉപയോഗിച്ച് അടച്ചിട്ടിരിക്കുന്ന തകർച്ച നേരിട്ട പൊലീസ്റ്റേഷൻ കെട്ടിടം

പൊലീസുകാർ ജോലി ചെയ്യുന്നത് ശോചനീയാവസ്ഥയിലുള്ള കെട്ടിടത്തിൽ

വൈത്തിരി: നിർമ്മാണം പൂർത്തിയാകാതെ വൈത്തിരി പൊലീസ് സ്റ്റേഷൻ കെട്ടിടം. മണ്ണിടിച്ചിലിനെ തുടർന്ന് നിലവിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം ഭാഗികമായി തകർന്നതോടെയാണ് അഞ്ചുവർഷം മുൻപ് പുതിയ കെട്ടിടത്തിന്റെ പണിതുടങ്ങിയത്. പണിതിട്ടും പണിതിട്ടും പണി തീരാത്ത അവസ്ഥയിലാണ് കെട്ടിടം. 2018 ലാണ് കനത്ത മഴയെ തുടർന്ന് മണ്ണടിച്ചിൽ ഉണ്ടായത്. പൊലീസ് സ്റ്റേഷന്റെ പിൻഭാഗത്തെ കുന്നിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്റ്റേഷന്റെ രണ്ടു മുറികൾ ഉൾപ്പെടെ പൂർണമായും തകർന്നു. മണ്ണും ചെളിയും കെട്ടിടത്തിനുള്ളിലേക്ക് കയറി. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഐയുടെ ക്വാർട്ടേഴ്സിലേക്ക് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം താത്ക്കാലികമായി മാറ്റുകയായിരുന്നു. 2019 ൽ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനായി ഫണ്ട് വകയിരുത്തുകയും ചെയ്തു. 2020ൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ഹാബിറ്റാറ്റ് ആണ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്തത്. രണ്ടുവർഷത്തിനകം തന്നെ നിർമ്മാണ പ്രവർത്തികൾ 90 ശതമാനവും പൂർത്തീകരിക്കുകയും ചെയ്തു. അശാസ്ത്രീയമായ രീതിയിലാണ് കെട്ടിട നിർമ്മാണമെന്ന ആരോപണം ഉയർന്നിരുന്നു. ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് നിർമ്മാണ പ്രവർത്തികൾ നിർമ്മാണ കമ്പനി നിർത്തിവെക്കുകയും ചെയ്തു.

പൊലീസുകാർ അനുഭവിക്കുന്നത് ദുരിതം

ഇപ്പോൾ സ്റ്റേഷനിലെ പൊലീസുകാർ അടിസ്ഥാന സൗകര്യം പോലുമില്ലാതെ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിച്ച നൂറ്റാണ്ടിലധികം പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നേരത്തെ സ്റ്റേഷൻ സി.ഐയും എസ്.ഐയും താമസിച്ചിരുന്ന കെട്ടിടങ്ങളാണിത്. കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ചുമരുകളിൽ വിള്ളൽ വീണിട്ടുണ്ട്. മേൽക്കൂരയിലെ ഓട് ഇളകി മാറിയതിനാൽ ശക്തമായ മഴപെയ്താൽ കെട്ടിടത്തിന് അകത്തേക്ക് പോലും മഴവെള്ളം എത്തും.

ലോക്കപ്പില്ലാത്ത ഏക പൊലീസ് സ്റ്റേഷൻ
അറുപതോളം പൊലീസുകാരാണ് കെട്ടിടത്തിൽ വീർപ്പുമുട്ടി കഴിയുന്നത്. സ്വന്തമായി ലോക്കപ്പില്ലാത്ത കേരളത്തിലെ തന്നെ ഏക പൊലീസ് സ്റ്റേഷനാകും ഇത്. പ്രതിയെ കിട്ടിയാൽ കെെയ്യിൽ നിന്ന് പോകാതെ ഉടൻതന്നെ കൽപ്പറ്റയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ലോക്കപ്പിൽ പാർപ്പിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ പൊലീസുകാർക്ക്. കൽപ്പറ്റ സ്റ്റേഷനിൽ ലോക്കപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ തൊട്ടടുത്ത മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്.
ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്.

നീങ്ങേണ്ടത് സാങ്കേതിക തടസ്സങ്ങൾ
വൈത്തിരി: സാങ്കേതിക തടസങ്ങൾ പരിഹരിച്ച് പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. മുൻ ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പ്രശ്നത്തിലിടപെടുകയും പെട്ടെന്ന് പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ പണി പൂർത്തിയാക്കാനായില്ല. പൊലീസ് സ്റ്റേഷനിൽ തൊട്ടു പിന്നിലായുള്ള ജില്ലാ പൊലീസിന്റെ ട്രെയിനിംഗ് സെന്റർ കെട്ടിടം സ്റ്റേഷന് അനുവദിച്ചാലും താത്ക്കാലികമായി പ്രതിസന്ധി ഒഴിവാക്കാനാകും. ഇരുനില കെട്ടിടമാണിത്. സ്റ്റേഷൻ പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിലും താത്ക്കാലികമായി ഉപയോഗിക്കാൻ കഴിയും. വൈത്തിരി പൊലീസ് സ്റ്റേഷനൊപ്പം നിർമാണം തുടങ്ങിയ പനമരം, തൊണ്ടർനാട് സ്റ്റേഷനുകളുടെ ഉദ്ഘാടനം കഴിഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിടാനുള്ള സൗകര്യം ഇവിടെയില്ല. ദേശീയപാതയിൽ നിന്നും 50 മീറ്റർ അകലെയാണ് പൊലീസ് സ്റ്റേഷൻ. ചെളിക്കുളമായ റോഡാണ് സ്റ്റേഷനിലേക്ക് ഉള്ളത്. നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്ത് കുറഞ്ഞ ഭാഗമെങ്കിലും ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കൈയ്യാമ്മം ഉപയോഗിച്ച് അടച്ചിട്ടിരിക്കുന്ന തകർച്ച നേരിട്ട പൊലീസ്റ്റേഷൻ കെട്ടിടം

നിർമാണം പാതിവഴിയിൽ നിലച്ച വൈത്തിരി പൊലീസ്റ്റേഷൻ കെട്ടിടം

മണ്ണിടിച്ചിലിനെതുടർന്ന് ഒഴിവാക്കിയ പൊലീസ് കെട്ടിടം

നിലവിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം