
രാജ്യത്തെ നടുക്കിയ ഉരുൾദുരന്തം ഏല്പിച്ച മുറിവ് ഉണങ്ങിയില്ല. അതിനു മുമ്പുതന്നെ വയനാട് ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലമരുകയാണ്. കേന്ദ്രസഹായത്തിനായി ദുരിതബാധിതർ കൈനീട്ടി നിൽക്കുമ്പോഴാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. വയനാട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ,നിലമ്പൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വയനാട് ലോക്സഭാ മണ്ഡലം. 2019-ൽ 4,31,770 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിന് വിജയിച്ച രാഹുൽഗാന്ധിക്കു തന്നെയായിരുന്നു വിജയത്തിന്റെ രണ്ടാമൂഴവും.
യു.പിയിലെ റായ്ബറേലിയിലും വിജയിച്ചപ്പോൾ വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്.1991വരെ എല്ലാ തിരഞ്ഞെടുപ്പിലും വയനാട്ടിൽ യു.ഡി.എഫിനു തന്നെയായിരുന്നു മേൽക്കെ.1996-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ആ ട്രെൻഡിന് പതിയെ ഇളക്കം തട്ടി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രസിനൊപ്പമായിരുന്നു. മണ്ഡല രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന 2009-ലും തുടർന്നുള്ള രണ്ട് ലോക്സസഭാ തിരഞ്ഞെടുപ്പുകളിലും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു.
രാഹുൽഗാന്ധി മൃഗീയ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് വിജയിച്ചപ്പോഴും മണ്ഡലത്തിലെ ഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എൽ.എമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് യു.ഡി.എഫ് എം.എൽ എമാരാണ്. വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രിയങ്കഗാന്ധിയെ നേരത്തേ തന്നെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നതുകൊണ്ട് സ്ഥാനാർത്ഥി വിഷയത്തിൽ ആകാംക്ഷയില്ല. പാർട്ടി ഇവിടെ പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
എൽ.ഡി.എഫിന് ബൂത്ത് തലം മുതൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ ഉണ്ടെങ്കിലും സ്ഥാനാർത്ഥി ആരെന്ന് തീർച്ചയായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച ആനിരാജ ഇക്കുറി മത്സരത്തിനില്ലെന്നാണ് കേൾക്കുന്നത്. കണ്ണൂരിൽ നിന്നുളള രാജ്യസഭാംഗം പി. സന്തോഷ് കുമാറിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. എൻ.ഡി.എയിൽ കെ.സുരേന്ദ്രൻ വീണ്ടും ഒരു മത്സരത്തിനില്ലെന്നാണ് കേൾവി. പകരം, ശോഭാ സുരേന്ദ്രന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട്. പ്രിയങ്ക മത്സരിക്കുന്നതു കൊണ്ട് എൽഡി.എഫും എൻ.ഡി.എയും ദേശീയ പ്രാധാന്യമുളള ആരെയെങ്കിലും മത്സരിപ്പിക്കാനും നീക്കമുണ്ട്.
കഴിഞ്ഞ തവണ
.....................................
രാഹുൽ ഗാന്ധി (കോൺ.): 6,47,445
ആനി രാജ (സി.പി.ഐ): 2,83,023
കെ. സുരേന്ദ്രൻ (ബി.ജെ.പി) 1,41,045
രാഹുലിന്റെ ഭൂരിപക്ഷം: 3,64,422