
കൽപ്പറ്റ: ഗോദയിൽ ഇപ്പോൾ നെഹ്റു കുടുംബത്തിൽ നിന്നുളള പ്രിയങ്കഗാന്ധിമാത്രം. എതിരാളികളെ
വരും ദിവസങ്ങളിൽ അറിയാം. അപ്പോഴേ വയനാട് ലോക്സഭാ മണ്ഡലത്തിൽ ചിത്രം തെളിയൂ. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ഇടത്തേക്ക് മറിഞ്ഞ ചരിത്രമുണ്ട്.
2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിലെ രാഹുൽഗാന്ധി ചുരം കയറി വന്നതോടെയാണ് വയനാട് തങ്ങളുടെ ഉരുക്കുകോട്ടയാണെന്ന് യു.ഡി.എഫിന് നെഞ്ചുവിരിച്ച് പറയാൻ കഴിഞ്ഞത്. രാഹുൽഗാന്ധി കേരളത്തിലെ ഏറ്റവുംവലിയ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. 4,31,770 വോട്ടിന്റെ ഭൂരിപക്ഷം! രാഹുൽ പ്രഭയിൽ ആലപ്പുഴ ഒഴിച്ച് കേരളത്തിലെ പത്തൊമ്പത് മണ്ഡലങ്ങളും യു.ഡി.എഫിന് ലഭിച്ചു. ഈ തന്ത്രം തന്നെയാണ് ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പയറ്റിയത്. രാഹുലിനെ വച്ചുളള കളിയിൽ പത്തൊമ്പത് സീറ്റ് വീണ്ടും നേടി. ഇക്കുറി ആലപ്പുഴയ്ക്ക് പകരം മുൻ മന്ത്രി കെ.രാധാകൃഷ്ണനിലൂടെ ആലത്തൂരാണ് ഇടതുമുന്നണിക്ക് പിടിക്കാൻ കഴിഞ്ഞത്. നെഹ്റു കുടുംബത്തിന്റെ ഭാഗമാണ് വയനാടെന്ന ധാരണ വോട്ടർമാരിൽ സൃഷ്ടിക്കാനും രാഹുൽഗാന്ധിയിലൂടെ കഴിഞ്ഞു. വയനാടൻ ജനത കുടുംബാംഗങ്ങളെപ്പോലെയെന്നാണ് രാഹുലും സഹോദരി പ്രിയങ്കയും പറയുന്നത്.
ഇക്കുറി വയനാടിന് പുറമെ, റായ്ബറേലിയിലും രാഹുൽ വിജയിച്ചതിനാൽ, ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന് വയനാട്ടുകാർ ഉറ്റുനോക്കി. നിരാശപ്പെടുത്താതെ രാഹുൽഗാന്ധി ഒരു പ്രഖ്യാപനം നടത്തി. തനിക്കു പകരം വയനാട്ടിൽ സഹോദരി പ്രിയങ്ക ഉണ്ടാകുമെന്ന്. അങ്ങനെ, വോട്ടർമാർക്ക് പരാതിയില്ലാത്ത തരത്തിൽ കോൺഗ്രസ് നേതൃത്വം കാര്യങ്ങൾ നീക്കി. കോൺഗ്രസുകാർ മറ്റൊന്നുകൂടി ലക്ഷ്യമിടുന്നുണ്ട്. വയനാടിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുക. അത് സംഭവിക്കുമോയെന്ന് കാത്തിരുന്ന് കാണാം.